പത്തനംതിട്ട: റാന്നി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ എഐസിസിയ്ക്ക് കത്തു നല്‍കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തലയുയര്‍ത്തിയ കോന്നി മണ്ഡലത്തിലെ പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ റാന്നിയും കോണ്‍ഗ്രസിന് തലവേദനയായി മാറുന്നു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാനെ പരിഗണിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും റിങ്കു ചെറിയാന് ഉണ്ട്. റിങ്കു ചെറിയാന്റെ മാതാവ് കെപിസിസി സെക്രട്ടറിയായിരുന്ന മറിയാമ്മ ചെറിയാന്‍ റാന്നിയില്‍ 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫിലെ രാജു എബ്രഹാമിനെക്കാള്‍ പതിനയ്യായിരം വോട്ട് കുറവാണ് നേടിയത്.
റിങ്കു ചെറിയാന് പൊതു ജനസമ്മതിയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ പരാജയം ഉറപ്പാണെന്നും സൂചിപ്പിച്ചാണ് കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ.ജയവര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഐസിസിയ്ക്ക് കത്തയച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയവരെപ്പോലും പരിഗണിക്കാതെയാണ നേതൃത്വം ഈ നീക്കം നടത്തുന്നതെന്ന് അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു.
ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും റാന്നിയ്ക്കായി നീക്കം നടത്തുന്നതായാണ് സൂചന. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ റാന്നി സീറ്റ് വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ജോസഫ് വിഭാഗം ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. അതേസമയം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിച്ചമട്ടാണ്. ഒരു വിഭാഗം നേതാക്കള്‍ എഐസിസിയെ സമീപിച്ച കാര്യം പോലും അറിഞ്ഞില്ലെന്ന മട്ടിലാണ് പല മുതിര്‍ന്ന നേതാക്കളുടെയും പ്രതികരണം.
കഴിഞ്ഞനാളില്‍ പല വിമത നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അഡ്വ.കെ. ജയവര്‍മ്മയോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് രൂക്ഷമാണ്. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുകള്‍ ഘടകങ്ങളിലേക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു. ഇതിനുവേണ്ടി കൂടിയ രഹസ്യ യോഗത്തില്‍ ഏഴുപേരാണ് പങ്കെടുത്തത്. നേത്രുത്വം നല്‍കിയത് ജയവര്‍മ്മയുമായിരുന്നു. എന്നാല്‍ ഈ രോദനം ആരും ചെവിക്കൊണ്ടില്ല. ബാബു ജോര്‍ജ്ജിനെ താഴെയിറക്കി അവിടെ കയറിയിരിക്കുവാനുള്ള നീക്കം അതോടെ പാളി. റാന്നിയില്‍ മറിയാമ്മ ചെറിയാന്‍ മത്സരിച്ചപ്പോള്‍ കാലുവാരിയതും ഇദ്ദേഹമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
സ്ഥാനാര്‍ഥി മോഹവുമായി ഏറെനാളായി ചരടുവലിക്കുന്ന നേതാവാണ് ഇദ്ദേഹം. അണികളുടെ ഇടയില്‍ ഇദ്ദേഹത്തെക്കുറിച്ച് മതിപ്പുമില്ല. സഹകരണ മേഖലയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നത്. കാലുവാരലും തൊഴുത്തില്‍കുത്തും കോണ്‍ഗ്രസിന്റെ ശാപമായി മാറ്റിയത് ഇത്തരം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്ഷേപം.