റാന്നി : റാന്നി ഗവ.ഐടിഐയില്‍ പുതിയ ട്രേഡുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണയിലാണെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. റാന്നി ഗവ. ഐടിഐയ്ക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മലയോരമേഖലയിലെ സാധാരണക്കാരുടെ മക്കള്‍ക്ക് വ്യാവസായിക പരിശീലനത്തിന് അവസരമൊരുക്കുന്ന റാന്നി ഐടിഐയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. റാന്നി ഐടിഐയുടെ ഭാവി വികസനത്തിന് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഉണ്ടാകും. മലയോരമേഖലയിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാനാവശ്യമായ സാഹചര്യം ഒരുക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉതിമൂട്ടില്‍ പമ്പ ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ 1.85 ഏക്കര്‍ ഭൂമിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 5.30 കോടി രൂപ നിര്‍മാണപ്രവത്തനങ്ങള്‍ക്കായി വിനിയോഗിക്കും. രണ്ട് ട്രേഡുകളിലായി 48 വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ പ്രവേശനം ലഭിക്കുന്നത്. ഐടിഐ ഒന്നാം ഗ്രേഡ് ആയി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എംഎംവി, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ എന്നീ അഞ്ച് പുതിയ ട്രേഡുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കുന്നുണ്ട്. 90 ശതമാനത്തിനു മുകളില്‍ വിജയം കൈവരിക്കാന്‍ ഐടിഐയ്ക്ക് കഴിയുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതും ശ്രദ്ധേയമാണ്. ഐടിഐയുടെ വികസനത്തിനായുള്ള ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷം 17 പുതിയ സര്‍ക്കാര്‍ ഐടിഐകളാണ് ആരംഭിച്ചത്. അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പത്ത് ഐടിഐകള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചും രണ്ട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പന്ത്രണ്ട് ഐടിഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലന കേന്ദ്രങ്ങളായി മാറും. പടിപടിയായി കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം നൈപുണ്യവികസനത്തിനായുള്ള പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കി വരുകയാണ്. വികസിത രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യ പരിശീലന സ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ കേരളത്തിലെ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്തും.
ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നൈപുണ്യശേഷി വര്‍ധിപ്പിക്കും. പരിശീലനപദ്ധതികളില്‍ നൈപുണ്യവികസനത്തിന് പ്രാധാന്യം നല്‍കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഏത് മത്സരവും അഭിമുഖീകരിക്കാനും മികവ് തെളിയിക്കാനും കഴിവുള്ള മാനവവിഭവശേഷി വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും വ്യവസായ പരിശീലന വകുപ്പുമാണ് വിവിധ നൈപുണ്യ വികസന പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒട്ടേറെ ട്രെയിനികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. പ്ലേസ്മെന്റ് സെല്ലുകളും സംരംഭകത്വവികസന ക്ലബ്ബുകളും വഴി വിപുലമായ തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴില്‍സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ജോബ്ഫെയറുകളും സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടലിനും സ്‌കില്‍ രജിസ്ട്രിക്കും ഗവണ്‍മെന്റ് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐടിഐ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വികസനപ്രക്രിയയില്‍ സജീവമായി ഇടപെടാന്‍ കഴിയണം. റാന്നി ഐടിഐയിലെ വിദ്യാര്‍ഥികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക വികസനപ്രക്രിയയില്‍ പങ്കാളികളാകണം. ഐടിഐ ട്രെയിനികളുടെ സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും നവകേരള സൃഷ്ടിക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിയണം. പഠനത്തോടൊപ്പം തൊഴില്‍ എല്ലാ വിദ്യാലയങ്ങളിലും സംരംഭകത്വ വികസനക്ലബ്ബ് തുടങ്ങിവിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഇപ്പോഴത്തെ സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് ഈ രംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജുഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊഴില്‍ വകുപ്പ് ഡയറക്ടര്‍ ഡോ. എസ് ചിത്ര, പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി കുര്യാക്കോസ്, പി.ആര്‍. പ്രസാദ്, ആലിച്ചന്‍ ആറൊന്നില്‍, സജി ഇടിക്കുള, ഫിലിപ്പ് മാത്യു കുരുടാമണ്ണില്‍, അന്‍സാരി മന്ദിരം എന്നിവര്‍ സംസാരിച്ചു.