റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പഴകുളം മധു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 23 മുതല്‍ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകള്‍ നടക്കുക. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമവുമായ നടത്തിപ്പിനും വകുപ്പുകള്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. തിരക്ക് നിയന്ത്രണത്തിനും വാഹന ഗതാഗത ക്രമീകരണത്തിനും പോലീസിനെ നിയോഗിക്കും. അഗ്നിരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ ബോട്ടുകളും നീന്തല്‍ വിദഗ്ധരും ഉണ്ടാകും.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തും. റാന്നി പാലത്തിന്റെ കീഴില്‍ അടിഞ്ഞുകൂടിയ കമ്പ്, മുള തുടങ്ങിയ പാഴ്വസ്തുക്കള്‍ ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യും. ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പോലീസുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് പരിശോധന നടത്തും. ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി. ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം ഓഗസ്റ്റ് 23, പേരൂര്‍ച്ചാല്‍ ജലമേള ഓഗസ്റ്റ് 26, റാന്നി അവിട്ടം ജലോത്സവം ഓഗസ്റ്റ് 27, അയിരൂര്‍ മാനവമൈത്രി ചതയ ജലമേള ഓഗസ്റ്റ് 28 എന്നീ തീയതികളില്‍ നടക്കും. ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, എ.ഡി.എം ആര്‍.രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.






























