റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴയിൽ പ്രവർത്തിക്കുന്ന വെറ്റനറി ഉപകേന്ദ്രമാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. 1992 ൽ പ്രവർത്തനമാരംഭിച്ചതാണ് ഇത്. തുടക്കത്തിൽ കാര്യമായ പ്രവർത്തനങ്ങളുണ്ടായിരുന്നില്ലെങ്കിലും സമീപകാലത്ത് നല്ലനിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഉപകേന്ദ്രത്തിന്റെ സഹായം നൂറു കണക്കിനു ക്ഷീരകർഷകരിലെത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രവർത്തനക്ഷമത കുറഞ്ഞ വെറ്ററിനറി ഉപകേന്ദ്രങ്ങൾ പുനർ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ മക്കപ്പുഴ ഉപകേന്ദ്രവും അടച്ചുപൂട്ടൽ പട്ടികയിൽപെട്ടതായാണ് സൂചന. നിലവിൽ പ്രതിമാസം 25ൽ കുറയാതെ കർഷകർ ഈ ഉപകേന്ദ്രത്തിന്റെ സഹായത്താൽ പശുക്കൾക്ക് കുത്തിവെപ്പ് എടുക്കുന്നുണ്ട്. കൂടാതെ നിരവധി എക്സ്റ്റന്‍ഷൻ വർക്കുകളും നടക്കുന്നുണ്ട്. രണ്ട് ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. മലയോര പ്രദേശങ്ങളിൽ നിരവധി പുതിയ ക്ഷീരകർഷകര്‍ കടന്നുവന്നിട്ടുണ്ട് എന്നതും ഈ സ്ഥാപനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മക്കപ്പുഴ ഉപകേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളായ, പ്ലാച്ചേരി, ചേത്തയ്ക്കൽ, ഇടമണ്‍, ഇടമുറി, മന്ദമരുതി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ ഏക ആശ്രയമാണ് മക്കപ്പുഴ ഉപകേന്ദ്രം.