പത്തനംതിട്ട : റാന്നി മാമുക്ക് ജംഗ്ഷനില്‍ നടുറോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ടയര്‍ വിതരണം നടത്തുന്ന പിക്കപ്പ് വാനിലെത്തിയ പാലാ സ്വദേശിയും, കാറിലെത്തിയ ചെങ്ങന്നൂര്‍ വല്ലന സ്വദേശികളും തമ്മിലായിരുന്നു വാക്കുതര്‍ക്കവും സംഘട്ടനവും ഉണ്ടായത്. പരിക്കേറ്റ പാലാ സ്വദേശി ഇമ്മാനുവേല്‍ (32) റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം അറിഞ്ഞെത്തിയ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
കാറിലെത്തിയ ഷാരീസ് ജമാല്‍, അന്‍സാര്‍, ശ്രീജിത്ത്, ലിതീഷ്, രതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.