റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ പട്ടയങ്ങള്‍ നല്‍കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കുവാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത റവന്യൂ വകുപ്പ് അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. പട്ടയ വിതരണത്തിനു നേരിടുന്ന തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് എംഎല്‍എ യോഗം വിളിച്ചു ചേര്‍ത്തത്.
പമ്പാവാലിയില്‍ 30 പട്ടയങ്ങള്‍ നടപടി പൂര്‍ത്തീകരിച്ച് അടിയന്തിരമായി വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. വെച്ചൂച്ചിറ എക്സ് സര്‍വീസ്മെന്‍ കോളനിയില്‍ നല്‍കിയ പട്ടയങ്ങള്‍ സംബന്ധിച്ച് കോളനി സൊസൈറ്റിയുടെ അഭിപ്രായം സര്‍ക്കാരിലേക്ക് അയച്ചു നല്‍കും. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ടീമിനെയും നിയോഗിക്കാന്‍ തീരുമാനിച്ചു. പഴവങ്ങാടി മോതിരവയല്‍ അമ്പലപ്പാറയിലെ 12 പട്ടയങ്ങളും രണ്ട് കൈവശരേഖകളും ഉടന്‍ നല്‍കാന്‍ കഴിയുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇവിടുത്തെ സര്‍വേ നടപടികള്‍ ജൂലൈ ഒന്‍പതിന് പൂര്‍ത്തീകരിക്കാനും തീരുമാനമായി.
പെരുമ്പെട്ടി പട്ടയം സംബന്ധിച്ച് വനം വകുപ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ എംഎല്‍എ കത്ത് നല്‍കിയിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.
കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാനുള്ള പട്ടയങ്ങള്‍ ധൃതഗതിയിലാക്കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പട്ടയം സംബന്ധമായി വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന് പരിഹരിച്ച് തീരുമാനങ്ങളെടുക്കാന്‍ നടപടി സ്വീകരിക്കും. സര്‍വേ നടത്താന്‍ അംഗങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പുറത്തുനിന്നും ആളുകളെ ഉള്‍പ്പെടുത്തി സര്‍വേ ടീമുകള്‍ വിപുലീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. തെക്കേ തൊട്ടിയിലെ പട്ടയങ്ങള്‍ക്ക് ഡിഎഫ്ഒയുടെ എന്‍ ഒസി വാങ്ങാനും അടിയന്തിര നടപടി സ്വീകരിക്കും.
റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി. ജെയിംസ്, എല്‍ ആര്‍ തഹസില്‍ദാര്‍മാരായ അജി കുമാര്‍, റോയി തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.എസ്. രാജന്‍, ഷിബു തോമസ്, സുനില്‍ എം. നായര്‍, ജി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.