റാന്നി: പഴവങ്ങാടി വലിയപറമ്പുപടിയില്‍ സംസ്ഥാന പാതയുടെ ഓട നിർമ്മാണത്തിന് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥരും നാട്ടുകാരും സമവായത്തിലെത്തിയോടെ ഓട നിർമ്മാണത്തിൻ്റെ പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ ഓട നിർമ്മാണത്തിന് എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നാട്ടുകാരായ സൈലൻ്റ് വാലി റോഡ് സംരക്ഷണസമിതി തടഞ്ഞതു കാരണം പ്രവൃത്തികൾ മുടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. ചൊവ്വാഴ്ച പകൽ 11 മണിയോടെ ഓട നിർമ്മാണത്തിന് ഉദ്യോഗസ്ഥർ എത്തിയോടെ നാട്ടുകാർ പ്രതിഷേധിക്കാൻ കൂടിയെങ്കിലും കെ എസ്.റ്റി ഉദ്യോഗസ്ഥരും നാട്ടുകാരും പോലീസിൻ്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായി.
സംസ്ഥാന പാതയിൽ വലിയപറമ്പുപടിയിൽ നിർമ്മിക്കേണ്ട ഓട നാട്ടുകാരുടെ പ്രതിഷേധത്തേതുടർന്ന് നിർത്തിവെച്ചിരുന്നു. കഴിഞ്ഞ 6 മാസക്കാലത്തോളമായി ഇത് നിലച്ചിരുന്ന അവസ്ഥയായിരുന്നു. റാന്നി ഇട്ടിയപ്പാറ വലിയപറമ്പുപടിയിൽ സൈലൻ്റുവാലി റോഡ് സംരക്ഷണ സമിതിയാണ് സംസ്ഥാന പാതയുടെ ഓട നിർമ്മാണത്തിന് തുടക്കം മുതൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുൻപ് സംസ്ഥാന പാതയുടെ നവീകരണ പ്രർത്തികളുടെ ഭാഗമായ ഓട നിർമ്മാണത്തിന് മണ്ണുമാന്തിയന്ത്രവുമായി എത്തിയ കെ.എസ്.റ്റി.പി ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തെ പ്രതിഷേധക്കാരായ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിൻ്റെ വക്കിൽ വരെ എത്തിയിരുന്നു.
സ്ഥലത്ത് റാന്നി പോലീസും എത്തിയതോടെ പ്രദേശവാസികളായ പ്രതിഷേധക്കാർ മുദ്രവാക്യം വിളിച്ച് റോഡിൽ നിരന്ന് പ്രതിഷേധം കടുപ്പിച്ചതാണ് അന്ന് പണി ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങുവാൻ കാരണമായത്. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥർ നാട്ടുകാരെ പ്രകോപ്പിക്കാതെ സംഭവസ്ഥലത്ത് എത്തിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടേയും സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുകയായിരുന്നു. മുൻ എംഎൽഎ രാജു ഏബ്രഹാം, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി, വാർഡ് മെമ്പർ ചാക്കോ വളയനാട്ട്, അഡ്വ. സിബിതാഴിത്തില്ലത്ത്, പ്രസാദ് എൻ.ഭാസ്കരൻ, അനീഷ്, പ്രമോദ് മന്ദമരുതി, സതീഷ് വലിയകുളം എന്നിവർ പങ്കിടുത്തു. ഓട നിർമ്മാണത്തിൽ കോടതി ഇടപെടലും നാട്ടുകാരുടെ കടുത്ത പ്രതിഷേധവും ഉള്ളതിനാൽ വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.സുരേഷിൻ്റ നേതൃത്വത്തിൽ വന്‍ പോലീസ് സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു.