പത്തനംതിട്ട : മാലിന്യമുക്ത നവകേരളത്തിനായി കൈകോര്‍ക്കുകയാണ് റാന്നിപെരുനാട് ഗ്രാമപഞ്ചായത്തും. റിപബ്ലിക് ദിനത്തില്‍ തുടങ്ങി പൊതുഅവധികള്‍ ഉള്‍പ്പെടെ വിശേഷ ദിവസങ്ങളൊക്കെ പൊതുനന്മയ്ക്കായി സമര്‍പിക്കാന്‍ ഒരുജനതയെ പ്രേരിപ്പിക്കുന്ന ഹരിത കലണ്ടറുമായാണ് തദ്ദേശസ്വയംഭരണസ്ഥാപനം പ്രതിബദ്ധത അടയാളപ്പെടുത്തുന്നത്.
വിശേഷ ദിവസങ്ങള്‍ പച്ച നിറത്തില്‍ അടയാളപ്പെടുത്തിയുള്ള കലണ്ടറിലൂടെയാണ് ശുചിത്വപാലനത്തിലേക്കുള്ള ഓര്‍മപ്പെടുത്തല്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ രേഖയായി കലണ്ടര്‍ മാറുകയുമാണ്. ശബരിമലയിലെ തീര്‍ഥാടകബാഹുല്യവും വിനോദ സഞ്ചാര മേഖലകളുമാണ് പ്രധാന മാലിന്യനിര്‍മാര്‍ജന വെല്ലുവിളികള്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹസദസുകളിലൂടെയാണ് വിഷയം ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങളിലേക്കെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല നിര്‍വഹണ സമിതികളുടെ മേല്‍നോട്ടത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയത്.
2025 ഡിസംബര്‍ 31 വരെയുള്ള ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലാകും വിവിധ പ്രവര്‍ത്തനങ്ങള്‍. അവയാണ് പച്ചനിറത്തിലുള്ളത്.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആയിരത്തില്‍ അധികം വനിതകള്‍ അണിനിരക്കുന്ന മാലിന്യവിരുദ്ധസന്ദേശം ഉള്‍ക്കൊള്ളുന്ന പാട്ടാണ് മെഗാതിരുവാതിരയ്ക്ക് ഒരുക്കുക. മാര്‍ച്ച് 25 ന് മഠത്തുമൂഴി മുതല്‍ പെരുനാട് മാര്‍ക്കറ്റ് വരെ ശുചിത്വ ചങ്ങല തീര്‍ത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുടുംബശ്രീ മുഖാന്തിരമാണ് ഹരിത കലണ്ടര്‍ എത്തിച്ചത്. വ്യക്തി ശുചിത്വത്തിനൊപ്പം ചുറ്റുപാടും വൃത്തിയാക്കുന്നതിന്റെ പ്രധാന്യം തലമുറകള്‍ക്ക് പകരുകയാണ് റാന്നി പെരുനാട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍ പറഞ്ഞു.