റാന്നി : വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമായി കിഴക്കൻ മേഖലകളെ കേന്ദ്രീകരിച്ച് പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസ് റാന്നിയില്‍. ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് രാജു എബ്രഹാം എംഎൽഎ അറിയിച്ചു.
റാന്നി പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. നിലവിൽ റാന്നി ഉൾപ്പെടെയുള്ള ഭാഗങ്ങൾ തിരുവല്ല പോലീസ് സബ് ഡിവിഷൻ ഓഫീസിന് കീഴിൽ ആയിരുന്നു. നിയോജകമണ്ഡലത്തിലെ കിഴക്കൻ മേഖലയിൽ നിന്ന് 70 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇവിടെ എത്താൻ . പലർക്കും ഒരു ദിവസത്തെ യാത്രയായിരുന്നു തിരുവല്ല വരെ വന്നു പോകുന്നത്. പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസ് വരുന്നതോടെ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ക്ലേശത്തിന് പരിഹാരമാകും. വർഷംതോറും കോടിക്കണക്കിന് അയ്യപ്പഭക്തർ വന്നു പോകുന്ന ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പുതിയ പോലീസ് സബ് ഡിവിഷൻ ഓഫീസിന് കീഴിലായത് ഏറെ സഹായകമാകും .റാന്നി, പെരുനാട്, വെച്ചുച്ചിറ, പമ്പ, പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളാണ് റാന്നി പോലീസ് സബ്ഡിവിഷൻ ഓഫീസിന് കീഴിൽ വരിക.