റാന്നി : അവസരം തന്നാല്‍ അങ്ങാടി – കൊറ്റനാട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കുവാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് എൽഡിഎഫ് റാന്നി നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ പ്രമോദ് നാരായൺ ജനങ്ങൾക്ക് ഉറപ്പുനൽകി. കൊറ്റനാട് പഞ്ചായത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയവേയാണ് ഈ ഉറപ്പ് നല്‍കിയത്.
നദികളില്ലാത്ത കൊറ്റനാട് പഞ്ചായത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം ആണെന്ന് മനസ്സിലായി. രാജു ഏബ്രഹാം എം എൽ എ ഇടപെട്ട് എൽഡിഎഫ് സർക്കാർ അനുമതി നൽകിയ കൊറ്റനാട് – അങ്ങാടി കുടിവെള്ള പദ്ധതിക്ക് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ജനകീയസമിതി സ്ഥലം വാങ്ങി നൽകിയ കാര്യവും അറിഞ്ഞു. ഇനി പദ്ധതി എത്രയും വേഗം പ്രാബല്യത്തിൽ വരുത്തി കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ പട്ടയം നൽകുന്നതിലെ തടസ്സമാണ് മറ്റൊരു പ്രശനം. ഇത് എത്രയുംവേഗം പരിഹരിച്ച് പട്ടയം ലഭ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ അത്യാലിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പി സാം അധ്യക്ഷത വഹിച്ചു. സ്വീകരണം വൈകിട്ട് വൃന്ദാവനത്ത് സമാപിച്ചു . എം വി വിദ്യാധരൻ , ആലിച്ചൻ ആറൊന്നിൽ , പി ആർ പ്രസാദ്, അഡ്വ. മനോജ് ചരളേൽ, ജോർജ്ജ് എബ്രഹാം, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, കെ സതീഷ് ബഹനാൻ ജോസഫ് , അഭിലാഷ് കെ നായർ , പൊന്നച്ചൻ കാക്കമല, സന്തോഷ് കെ ചാണ്ടി, വി പ്രസാദ് , ലീല ഗംഗാധരൻ , എസ് എസ് സുരേഷ് , ബാബു ചാക്കോ , ഇ കെ അജി എന്നിവർ സംസാരിച്ചു.
ബുധനാഴ്ച പകൽ 3 ന് അട്ടത്തോട്ടിൽ നിന്ന് സ്വീകരണം ആരംഭിക്കും . നാറാണം തോട് , കിസുമം, തുലാപ്പള്ളി വഴി അറയാഞ്ഞിലിമണ്ണിൽ സമാപിക്കും.