റാന്നി : വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി തയാറാക്കാന്‍ വകുപ്പ് തലത്തില്‍ നിര്‍ദേശം നല്‍കിയതായി വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനം ദ്രുതകര്‍മ്മ സേനയുടെ(ആര്‍ആര്‍ടി) ഓഫീസ് മന്ദിരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യജീവികളെ സംരക്ഷിക്കുന്നതിനും ഇവ ജനവാസമേഖലയില്‍ കടന്നുകയറുന്നതും തടയുന്നതിന് കര്‍ഷകരെയും പ്രദേശവാസികളെയും സഹായിക്കുന്നതിന്റെ ഭാഗമായാണ് വനം ദ്രുതകര്‍മ്മ സേന (ആര്‍ആര്‍ടി) പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നിയിലെ പുതിയ വനം ദ്രുതകര്‍മ്മ സേന ഓഫീസ് കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണ്‍ എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ റാന്നി വനം ഡിവിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനവും പുതിയ ആര്‍ആര്‍ടിഓഫീസ് മന്ദിര ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, കൊല്ലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സതേണ്‍ സര്‍ക്കിള്‍ സഞ്ജയന്‍കുമാര്‍, കോന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, പുനലൂര്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണന്‍, റാന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, റാന്നി എസിഎഫ് കെ.വി. ഹരികൃഷ്ണന്‍, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എസിഎഫ് സി.കെ. ഹാബി, വാര്‍ഡ് മെമ്പര്‍ സന്ധ്യാ ദേവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.