റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിനിടെ വന്‍തോതില്‍ വയല്‍ നികത്തല്‍. കോന്നി -പ്ലാച്ചേരി റീച്ചിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റാന്നിയിലാണ് വ്യാപകമായി വയല്‍ നികത്തിയെന്ന ആരോപണം ഉയരുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും എല്ലാ ഒത്താശയും മണ്ണുമാഫിയയ്ക്ക് ഉണ്ടെന്നാണ് ആരോപണം. പരാതി രേഖാമൂലം നല്‍കിയിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കുന്നില്ലെന്ന് റാന്നി മന്ദിരം സ്വദേശി അനില്‍ കുമാര്‍.
റോഡിന്റെ ഇരുവശത്തുമായി നിരവധി പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് വയലുകള്‍ പാത നിര്‍മ്മാണ കമ്പനികളുടെ ഒത്താശയോടുകൂടി നികത്തിയിരുന്നു. ഇതോടെ പരമ്പരാഗത നീരൊഴുക്കുകള്‍ പലയിടത്തും തടസ്സപ്പെട്ട് ഇവിടെല്ലാം വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ ഓരോ മഴയിലും റാന്നിയില്‍ സംസ്ഥാന പാത വെള്ളത്തിനടിയിലാകുന്നത് നിത്യസംഭവമായി മാറി. നിര്‍മ്മാണത്തിന്റെ മറവില്‍ കരാര്‍ കമ്പനി നിരവധി തോടുകളും കലുങ്കുകളും കെട്ടിയടച്ചതായി നാട്ടുകാര്‍ പരാതി നല്കിയിരുന്നു. ഇത്രയും ഗുരുതര പാരിസ്ഥിതിക വിഷയമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ കണ്ണടക്കുകയാണുണ്ടായത്.
ഈ വിഷയത്തില്‍ ആര്‍ക്കും പരാതി ഇല്ലാതിരുന്നതുകൊണ്ട് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വിവരാവകാശ മറുപടിയില്‍ പറയുന്നത്. ഇതേതുടര്‍ന്ന് റാന്നി മന്ദിരം സ്വദേശി അനില്‍ കുമാര്‍ മെയ് മാസം 22 ന് ഇത് സംബന്ധിച്ച് ഒരു വിശദമായ പരാതി കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജൂണ്‍ മാസം 20 ന് ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തില്‍ പരാതിയില്‍ പറഞ്ഞിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതല്ലാതെ മറ്റ് യാതൊരു നടപടികളും ഉണ്ടായില്ല.
തുടര്‍ന്ന് ഈ പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും വിവരാവകാശം കൊടുത്തെങ്കിലും നടപടിക്കായി കെ എസ് ടി പി യുടെ പൊന്‍കുന്നം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ തോടുകള്‍ കെട്ടിയടച്ചതിനു ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ട്പ്രകാരവും വയല്‍ നികത്തിയതിനു തണ്ണീര്‍ തട സംരക്ഷണ നിയമപ്രകാരവും കേസെടുക്കാം. കൂടാതെ സര്‍ക്കാരിന്റെ മണ്ണ് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുകൊടുത്തു കോടിക്കണക്കിനു രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം നടപടി എടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു കഴിയുമെന്നിരിക്കെ ജില്ലാ കളക്ടറും ഇക്കാര്യത്തില്‍ മൌനം പാലിക്കുകയാണ്.
നടപടിയെടുക്കാന്‍ യാതൊരു അധികാരവും ഇല്ലാത്ത കെഎസ്ടിപിക്ക് പരാതി കൈമാറിയതാണ് സംശയം ബലപ്പെടുത്തുന്നത്. വിവരാശ മറുപടിയില്‍ എത്ര ദിവസത്തിനകം ഇതിന് അപ്പീല്‍ നല്‍കാമെന്നോ ആരാണ് അപ്പീല്‍ അതോറിറ്റി എന്നോ രേഖപ്പെടുത്താതെ മറുപടി ലഭിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും 27/07/21 ന് പത്തനംതിട്ട ജില്ലാ കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ അനില്‍ കുമാര്‍ പറയുന്നു.