റാന്നി: ലൈഫ് ഭവന പദ്ധതിക്ക് പണം നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രാമസേവകനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഇന്നു രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ജീവനക്കരനായ ആലപ്പുഴ പത്തിയൂർ തലപ്പുഴയേത്ത് രാഹുലേയം വീട്ടില്‍ സതീഷ് കുമാറിനെയാണ് ഇന്ന് രാവിലെ 11ന് വിജിലന്‍സ് സംഘം ഓഫീസിലെത്തി പിടികൂടിയത്.
പഴവങ്ങാടി പഞ്ചായത്തിലെ മന്ദമരുതി സ്വദേശി മഴുവൻഞ്ചേരി ലൈസാമ്മയാണ് വിജിലിൻസിന് പരാതി നല്കിയത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടിനു വേണ്ടി സർക്കാർ നല്‍കുന്ന പണം കൈമാറുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയിലാണ് നടപടി. രാവിലെ ഓഫീസിലെത്തി പരാതിക്കാരിയുടെ കൈയ്യിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ സമയത്താണ് ഇയാള്‍ പിടിയിലായത്. മുമ്പ് ഇയാൾ ഇവരിൽ നിന്നും 12000 രൂപ വാങ്ങിയിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
പത്തനംതിട്ട വിജിലന്‍സ് ഡി.വൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ രാജീവ്, മണികണ്ഠന്‍ ഉണ്ണി, എസ്.ഐമാരായ ലിന്‍സണ്‍, ജലാലുദ്ദീന്‍ റാവുത്തര്‍, എഎസ്.ഐ രാജേഷ് പി.ഡി, ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍ എസ്., അനില്‍ കുമാര്‍, അനീഷ്, രാമചന്ദ്രന്‍, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് സതീഷ് കുമാറിനെ പിടികൂടിയത്.