റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും അങ്ങാടി തുമ്പൂർമൂഴി മാതൃകാ ജൈവമാലിന്യ സംസ്കരണ കേന്ദ്രം തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസം വെള്ളം കയറിയ കേന്ദ്രം കഴുകി വൃത്തിയാക്കാനും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിച്ചു സംസ്കരിക്കുന്നതിനാണ് ജൈവമാലിന്യ സംസ്കരണ കേന്ദ്രം നിർമിച്ചത്. തരിശായി കിടക്കുന്ന പേട്ട ചന്തയുടെ സ്ഥലത്താണ് 2 ഷെഡ്ഡുകളിലായി സംവിധാനം ഒരുക്കിയത്.
ജൈവമാലിന്യം വളമാക്കുകയാണ് ലക്ഷ്യം. പ്രത്യേക ബാക്ടീരിയയെ ഇതിനായി കേന്ദ്രത്തിൽ നിക്ഷേപിക്കണം. ഇതുവരെ ബാക്ടീരിയയെ എത്തിച്ചിട്ടില്ല. അതാണ് പ്രവർത്തനത്തിനു തടസ്സം. ഷെഡ്ഡുകൾക്കു ചുറ്റും പടൽ വളർന്നു കയറുകയാണ്. കഴിഞ്ഞ മാസം 8ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഷെഡ്ഡിൽ വെള്ളം കയറിയിരുന്നു. ഒഴുകിയെത്തിയ ചെളി ഷെഡ്ഡുകളിൽ നിറഞ്ഞിരിക്കുന്നു. അത് കഴുകി വൃത്തിയാക്കിയിട്ടില്ല. ബന്ധപ്പെട്ടവരാരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.