കോന്നി : റോഡ് ടാര്‍ ചെയ്ത് ആഴ്ച്ച ഒന്നു കഴിഞ്ഞില്ല മഴയില്‍ മണ്ണീറയിലെ ടാറിങ് ഒളിച്ചു പോയി 10ലക്ഷം വെള്ളത്തിലായി. തണ്ണിത്തോട് മൂഴി മണ്ണീറ റോഡ് ടാറിങ് നീർമാണം പൂർത്തീകരിച്ച് ആഴ്‌ചകൾക്ക് ശേഷം പൊളിഞ്ഞിളകി. വന ഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗമാണ് ടാറിങ് നടത്തിയത്. നാബാർഡിൽ അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ടാറിങ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായി ഉള്ള ഭാഗമാണ് ടാറിങ് ഇളകിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. റോഡിന്റെ അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴകാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറെസ്റ്റ് സ്റ്റേഷനും ഇടയിൽ റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണിരുന്നു.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ യാത്ര വളരെ ദുഷ്ക്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുസ്ഥിതി മൂലം ഓട്ടോ റിക്ഷകൾ പോലും ഇതുവഴി സവാരി നടത്തുവാൻ മടിച്ചിരുന്നു. കൂടാതെ മണ്ണീറ തീറ്റപുൽ കൃഷിയിലേക്ക് പോകുന്നതും ഇതുവഴിയാണ്.
മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുൻപ് ഇതുവഴി കെഎസ്ആർറ്റിസി ബസ് അടക്കം സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതും ഇല്ല. റോഡിന്റെ വീതി കുറവും വാഹന യാത്ര ദുഷ്ക്കരമാക്കിയിരുന്നു. മഴകാലത്ത് വനത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം റോഡിലൂടെ ആയിരുന്നു സമീപത്തെ കല്ലാറ്റിലേക്ക് ഒഴുകിയിരുന്നത്. റോഡിന് ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകി പോകുവാൻ ഇടമില്ലാതെ ഇരുന്നതും റോഡിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ട്.