തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിയെ മെയ് 31 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായ തേമ്പാമുട്ടം സ്വദേശിയും നിലവില്‍ പുളിയറ കോണം നിവാസിയുമായ സനിത്. എം.എസ് (30) നെയാണ് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. സിറ്റി മ്യൂസിയം പോലീസ് കഴിഞ്ഞ ദിവസം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഒ എല്‍ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം ചെയ്താണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
യുവതിയെ വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ജോലി വാഗ്ദാനം ചെയ്ത് 2019 മെയ് 2 ന് കവഡിയാര്‍ ഭാഗത്ത് നിന്ന് കാറില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നും ലോഡ്ജ് ബില്ലടക്കാന്‍ യുവതിയുടെ 10 പവന്റെ മാല വാങ്ങിയ ശേഷം പ്രതി തുക വഞ്ചിച്ചെടുത്ത് ചതിച്ചുവെന്നാണ് കേസ്. 2022 ജനുവരി 22 ന് അറസ്റ്റിലായ പ്രതിക്ക് മാര്‍ച്ച് 30നാണ് ജില്ലാക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതി പല സ്ത്രീകളുടെയും മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തി വ്യാജ ഫോണ്‍ നമ്പറുകള്‍ ഉണ്ടാക്കുകയും അതുപയോഗിച്ച് സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട് ചതിയിലായ സ്ത്രീയുടെ പരാതിയിലാണ് സനിതിനെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈല്‍ നമ്പറും സമൂഹ മാധ്യമ അക്കൗണ്ടുകളും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി മ്യൂസിയം , കരമന , കന്റോണ്‍മെന്റ് , മെഡിക്കല്‍ കോളേജ് , റൂറല്‍ കാട്ടാക്കട , നെടുമങ്ങാട്. പോലീസ് സ്റ്റേഷനുകളില്‍ സനിത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.