പത്തനംതിട്ട : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ 21കാരൻ പിടിയിൽ. മാരൂർ സ്വദേശി ആർ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. രാത്രി 11 മണിയോടെയാണ് അജിത്ത് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതെന്നാണ് കേസ്.
പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും അത് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഒരു പവന്റെ സ്വർണ്ണവും നാലായിരം രൂപയുമാണ് പെൺകുട്ടിയിൽ നിന്ന് അജിത്ത് തട്ടിയെടുത്തത്. സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ആർ. ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.