പത്തനംതിട്ട : എൺപത്തിയഞ്ചുകാരിയെ പലതവണ ബലാൽസംഗത്തിന് വിധേയയാക്കിയയാൾ അറസ്റ്റിൽ. കോന്നി ആരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പേൽ വീട്ടിൽ ശ്രീധരൻ നായരുടെ മകൻ ശിവദാസൻ (57) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ വല്യമ്മയെയാണ് ഈവർഷം മേയ് 10 നും 15 നുമിടയിൽ മൂന്നു ദിവസങ്ങളിലായി ഒരുമിച്ചുതാമസിച്ചുവരുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് പീഡിപ്പിച്ചത്.
അധികരിച്ച മനോഭാരത്താൽ വിവരം അവർ ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു വി നായരെ ധരിപ്പിച്ചതിനെതുടർന്ന് കോന്നി പോലീസിനെ ഇന്നലെ(03.06.22) അറിയിക്കുകയുമായിരുന്നു. സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശ്രീ രേഖപ്പെടുത്തിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോന്നി പോലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ കോന്നി പോലീസ് ഇൻസ്‌പെക്ടർ അരുൺ ജിയും സംഘവും ഇന്നലെ വൈകിട്ട് ആമക്കുന്നിൽ നിന്ന് ഇയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയും പോലീസ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയ വന്ദ്യവയോധിക പ്രതിയുടെ സംരക്ഷണയിൽ ഈ വീട്ടിൽ ഇയാളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ ഡി വൈ എസ് പിക്കും പോലീസ് ഇൻസ്‌പെക്ടർക്കുമൊപ്പം എസ് ഐ സജു എബ്രഹാം, പോലീസ് ഉദ്യോഗസ്ഥരായ ലിജിൻ രാജ്, സുനിൽ കുമാർ, അരുൺ രാജ്, ജയശ്രീ എന്നിവരാണ് ഉണ്ടായിരുന്നത്.