തലശ്ശേരി: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാചക തൊഴിലാളി പോലീസ് പിടിയില്‍. കൂത്തുപറമ്പ് സ്വദേശിയായ പാചക തൊഴിലാളി അസ്ലമിനെ (45)യാണ് തലശേരി എസ്‌ഐ ആര്‍.മനു അറസ്റ്റ് ചെയ്തത്.ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് തലശേരിയിലെ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്ത മാതാവിന് കൂട്ടിരിപ്പിനെത്തിയതായിരുന്നു 27കാരി. ഇതിനിടെ ആശുപത്രിയിലെത്തിയ അസ്ലം യുവതിയുമായി സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപം രാത്രിയില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതിയുടെ കൈയില്‍ ഫോട്ടോയും വിസിറ്റിംഗ് കാര്‍ഡും ഏല്‍പ്പിച്ച ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം വിട്ടത്. ഇതാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.യുവതി നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.വിവരം വീട്ടുകാര്‍ അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബലാല്‍സംഗത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.