തളിപ്പറമ്പ് : എസ്.എം.എ. ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ രണ്ടുവയസ്സുകാരൻ മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്ക് സംഭാവനയായി ലഭിച്ചത് 17,32,82,136 രൂപ. മാട്ടൂൽ മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റി നൽകിയ ഏഴുകോടി രൂപ ഉൾപ്പെടെയാണിത്. ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും സംഭാവനയായി ലഭിച്ചത് 10,32,82,136 രൂപ. കേന്ദ്രസർക്കാർ ജി.എസ്.ടി ഇളവ് അനുവദിച്ചതോടെ 16 കോടി രൂപയാണ് സോൾജെൻസ്മ മരുന്നിന് നൽകേണ്ടിവന്നത്. നികുതി ഇളവ് ലഭിക്കും മുൻപ് ഖാസിമിന്റെ ചികിത്സയ്ക്കായി 8.5 കോടി രൂപ നൽകുമെന്ന് മാട്ടൂൽ ചികിത്സാസഹായ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മരുന്നിന് വിലയിൽ ഇളവ് ലഭിച്ചതോടെ ഏഴുകോടി മതിയെന്ന് ഖാസിം ചികിത്സാ കമ്മിറ്റി അറിയിച്ചു. 5.75 ലക്ഷത്തിലധികം പേർ ഖാസിമിന്റെ ചികിത്സയ്ക്കായി തുക നൽകി.
ആകെ ചെലവ് കഴിഞ്ഞാൽ 1,29,94,136 രൂപയാണ് അവശേഷിക്കുക. ഇതിൽ മൂന്നിലൊന്ന് വിഹിതം പഞ്ചായത്ത് പരിധിയിൽപ്പെട്ട മാരകരോഗം ബാധിച്ച നിർധനർക്കും ബാക്കി തുക ഖാസിമിന്റെ തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി നീക്കിവെക്കും. അടുത്ത രണ്ടുമാസത്തോളം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബെംഗളൂരുവിൽ തുടരേണ്ടിവരുമെന്നും ഖാസിം ചികിത്സാസഹായ കമ്മിറ്റി ചെയർപേഴ്സൺ സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്‌മാൻ പെരുവണ എന്നിവർ പറഞ്ഞു.