വാഷിങ്ടൺ : യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ സൈനിക മേജർ നിദാൽ ഹസ്സന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗൺ. ഫയറിങ് സ്‌ക്വാഡ് നടത്തിയാകും വധശിക്ഷ നടപ്പാക്കുക. ഒന്നിലധികം പേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ഒരു വധശിക്ഷാ രീതിയാണിത്. ഇത് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
2009-ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് നിദാൽ ഹസനെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. ഒരു നൂറ്റാണ്ടിനിടയിലെ യുഎസിലെ ആദ്യത്തെ പരസ്യ വധശിക്ഷയായിരിക്കും ഇതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 65 വർഷത്തിനിടയിലെ ആദ്യത്തെ സൈനിക വധശിക്ഷയും. 2009-ൽ സൈനിക താവളത്തിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ ഹസ്സൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഡിസംബർ മൂന്നിന് ഫോർട്ട് ഹൂഡിലായിരിക്കും വധശിക്ഷ നടപ്പിലാക്കുകയെന്ന് യുഎസ് സൈന്യം അറിയിച്ചു.
ഹസൻ അവസാനമായി എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഹെഗ്‌സെത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘അതൊന്നും കാര്യമാക്കുന്നില്ല. ഡിസംബർ മൂന്നിന് ഞങ്ങൾ അയാളെ കാണും.’ മേജർ റാങ്ക് വഹിച്ചിരുന്ന ആർമി സൈക്യാട്രിസ്റ്റായ ഹസ്സൻ, 2009 നവംബർ അഞ്ചിന് സൈനികർ പ്രതിരോധ കുത്തിവയ്പ്പുകൾക്കും മെഡിക്കൽ ക്ലിയറൻസിനുമായി നീണ്ട നിരയിൽ കാത്തുനിൽക്കുകയായിരുന്ന സൈനികർക്കുനേരെയാണ് വെടിയുതിർത്തത്.
അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിൽ നിന്നും മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിൽ നിന്നും അവരെ തടയാനുള്ള ശ്രമമായിരുന്നു അതെന്നാണ് ഹസൻ പറഞ്ഞത്. നിയമപാലകരുടെ വെടിയേറ്റ് പരിക്കേറ്റതിനെ തുടർന്ന് ഹസന്റെ അരയ്ക്ക് താഴേക്ക് തളർന്നുപോയിരുന്നു. ഇയാൾ ഇപ്പോൾ വീൽചെയറിലാണ് കഴിയുന്നത്. അഭിഭാഷകരെ ഒഴിവാക്കി സ്വന്തമായി വാദിക്കാനും ഹസ്സൻ തീരുമാനിച്ചിരുന്നു, താനാണ് വെടിയുതിർത്തതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിചാരണ ആരംഭിച്ചത്. സൈന്യം ഏകദേശം 90 സാക്ഷികളെ വിസ്തരിച്ചെങ്കിലും തന്റെ പ്രതിരോധത്തിനായി സാക്ഷി പറയാൻ ഒരാളെയും ഹസ്സൻ ഹാജരാക്കിയിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് സൈന്യം ഫയറിങ് സ്‌ക്വാഡ് വഴി ഒരു സൈനികനെ വധിച്ചിട്ടില്ലെന്ന് ഹെഗ്സെത് പറഞ്ഞു. ആർമി പ്രൈവറ്റ് ജോൺ ബെന്നറ്റസിനെ തൂക്കിക്കൊന്നുക്കൊണ്ടാണ് 1961 ഏപ്രിൽ 13-നാണ് അവസാനമായി ഒരു സൈനിക വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ വർഷം 17 രാജ്യങ്ങളിലായി 2,700-ലധികം വധശിക്ഷകൾ നടപ്പാക്കിയെങ്കിലും രണ്ട് രാജ്യങ്ങൾ മാത്രമാണ് അവ പരസ്യമായി നടത്തിയത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം, 2025-ൽ ഇറാനിൽ 11-ഉം അഫ്ഗാനിസ്ഥാനിൽ ആറും പരസ്യ വധശിക്ഷകൾ നടപ്പാക്കിയതായി വിവരമുണ്ട്.































