പത്തനംതിട്ട : പത്തനംതിട്ട വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പായിരുന്നു പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. കമ്പ് ഉപയോഗിച്ച് അടിക്കുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി മകനെയും മരുമകളെയും കസ്റ്റഡിയിലെടുത്തുവെങ്കിലും ഇരുവരെയും ഉടനെ വിട്ടയച്ചു. കേസെടുക്കുവാന്‍ പോലും ആദ്യം പോലീസിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുവാന്‍ ഇടപെടുന്നുണ്ടെന്നാണ് വിവരം.