കോഴിക്കോട്: വേനലാണെങ്കിലും സംസ്ഥാനത്ത് എലിപ്പനിക്ക് ശമനമില്ല. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷംമാത്രം ഇതുവരെ 29 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മറ്റ് 30 മരണങ്ങൾ എലിപ്പനി ലക്ഷണങ്ങളോടെയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതുകൂടി കണക്കാക്കിയാൽ നാലരമാസത്തിനിടെയുള്ള മരണനിരക്ക് 59 ആണ്. 703 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ സ്ഥിരീകരിക്കാതെ 423 പേരാണ് ചികിത്സ തേടിയത്. മഴക്കാലത്താണ് കൂടുതലായി രോഗംപടർന്നിരുന്നത്. ഇപ്പോൾ അതല്ല സ്ഥിതി. ഇടവിട്ടുള്ള മഴ പലതരം രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും എലിപ്പനിയെത്തുടർന്ന് മരണമുണ്ടായിട്ടുണ്ട്. ഇതിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് 20 പേർ മരിച്ചത്. മാർച്ചിൽ രണ്ട് പേരും ഏപ്രിലിൽ നാലുപേരും മേയിൽ മൂന്നുപേരും മരിച്ചു.
എലിപ്പനി സംശയിക്കുന്ന മരണങ്ങൾ ഇതിനുപുറമേയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി എലിപ്പനി കൂടുന്നതായാണ് കാണുന്നത്. 2023-ൽ എലിപ്പനി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായി 282 പേരാണ് മരിച്ചത്. 2024-ൽ ഇത് 300-ന് മുകളിലാണെന്നാണ് വിവരം. വെള്ളക്കെട്ടുകളിലും മറ്റും പണിയെടുക്കുന്നവർക്ക് രോഗംവരാൻ സാധ്യത കൂടുതലാണ്. എലിയുടെയും മറ്റും വിസർജ്യം കലർന്ന മലിനജലം, മണ്ണ് എന്നിവയുമായൊക്കെ സമ്പർക്കമുണ്ടാകുമ്പോൾ രോഗാണുക്കൾ ശരീരത്തിലെത്താനിടയുണ്ട്. തൊഴിലുറപ്പുതൊഴിലാളികളൊക്കെ കൂടുതൽ ശ്രദ്ധിക്കണം.പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് പ്രധാനം. ഇതിനൊപ്പം കണ്ണിന് ചുറ്റും ചുവപ്പ്, ഛർദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.