പത്തനംതിട്ട : മല്ലപ്പള്ളി താലൂക്കില്‍ പരിയാരത്ത് കഴിഞ്ഞ 15 വര്‍ഷമായി റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്ന ബിന്ദു തോമസിന്റെ കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. അഭിമന്യൂവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വീട്ടില്‍ എത്തിച്ചു നല്‍കി. ഒപ്പം കുടുംബത്തിന്റെ സൗജന്യ റേഷനും എത്തിച്ചു നല്‍കി.
ബിന്ദു തോമസ് താലൂക്ക് സപ്ലൈ ഓഫീസറെ ഫോണില്‍ വിളിക്കുകയും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് റേഷന്‍ കിട്ടുന്നില്ലന്നും കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു. ഉടന്‍ തന്നെ താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടറും അടങ്ങിയ സംഘം പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബിന്ദുവിന്റെ വീട്ടില്‍ എത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ബിന്ദു തോമസും ഭര്‍ത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ഒറ്റമുറി ഷെഡിലാണ് താമസിക്കുന്നത്. ഈ മുറിയില്‍ തന്നെയാണ് ഇവര്‍ ആഹാരം പാകം ചെയ്യുന്നതും. ഈ ഷെഡിന് പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിക്കാത്തതിനാലാണ് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാഞ്ഞതെന്നും ഇവര്‍ പറഞ്ഞു. ഈ വസ്തുതകള്‍ മനസിലാക്കി ബിന്ദുവിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി മടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ഉച്ചക്ക് ശേഷം തിരികെ ഇവരുടെ വീട്ടില്‍ എത്തി പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുകയായിരുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ അനുവദിച്ച 15 കിലോ സൗജന്യ റേഷനരിയും ആവശ്യമായ പച്ചക്കറികളുടെ ഒരു കിറ്റും നല്‍കി.