പത്തനംതിട്ട : ജില്ലയിലെ റേഷന്‍കടകളിലൂടെ സപ്ലൈകൊ മുഖേന സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റ് വിതരണം എല്ലാ താലൂക്കുകളിലും ആരംഭിച്ചു. ആദ്യദിവസമായ ഇന്ന് (ഏപ്രില്‍ 9) ട്രൈബല്‍ കാര്‍ഡുകള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ജില്ലയിലെ ആറ് താലൂക്കുകളിലായി ആകെ 1790 ട്രൈബല്‍ കാര്‍ഡ് ഉടമകളാണുള്ളത്. സപ്ലൈകൊ കിറ്റുകള്‍ തയാറാക്കി റേഷന്‍ ഡിപ്പോകളില്‍ എത്തിച്ച് റേഷന്‍ കടകളില്‍ക്കൂടി ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സഹായത്തോടെയായിരുന്നു വിതരണം.
രണ്ടാം ഘട്ടമായി ഏഏവൈ കാര്‍ഡുകളുടെ കിറ്റാണ് വിതരണം നടത്തുന്നത്. ഈ കിറ്റുകള്‍ ഏപ്രില്‍ 11ന് വിതരണം ആരംഭിക്കും. ഇ-പോസ് മെഷീന്‍വഴിയാണ് കിറ്റുകളുടെ വിതരണവും നടക്കുന്നത്. റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന റേഷന്‍കടയില്‍ നിന്നു മാത്രമേ കിറ്റ് ലഭിക്കുകയുള്ളു. പോര്‍ട്ടബിലിറ്റി സൗകര്യം കിറ്റിന് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഏഏവൈ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം മറ്റ് വിഭാഗം കാര്‍ഡുകള്‍ക്കും സൗജന്യകിറ്റ് ലഭ്യമാക്കും. അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കിറ്റ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.
റേഷന്‍ ഡിപ്പോകള്‍ വഴിയുള്ള സൗജന്യറേഷന്‍ വിതരണം ഇന്ന് (9) തുടര്‍ച്ചയായ ഒന്‍പതു ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ 314326 കാര്‍ഡുടമകള്‍ സൗജന്യറേഷന്‍ കൈപ്പറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അറിയിച്ചു. ആകെ കാര്‍ഡുകളുടെ 92 ശതമാനം പേര്‍ വരും ഇത്. ഇതില്‍ 80454 കാര്‍ഡുടമകള്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കടകള്‍ക്കും നാളെ (ഏപ്രില്‍ 10) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.