തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ടു. 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു.
സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. അതേസമയം സെര്‍വര്‍ നിരന്തരം തകരാറിലാകുന്നതിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. സെര്‍വര്‍ തകരാര്‍ മൂലം ഇ- പോസ് മെഷീനുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. കഴിഞ്ഞ ദിവസവും റേഷന്‍ വിതരണം ഭാഗികമായി മുടങ്ങിയിരുന്നു. ഇന്ന് രാവിലെ അല്‍പ്പസമയം മാത്രമാണ് ഇ- പോസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചത്.