പത്തനംതിട്ട : കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ 96 ശതമാനം എന്ന റിക്കാര്‍ഡിലേക്ക്. റേഷന്‍കടകളിലൂടെ ഈ മാസം ആദ്യം ആരംഭിച്ച വിതരണം പകുതിമാസം പിന്നിടുമ്പോള്‍ ഏപ്രില്‍ 15ന് ഉച്ചവരെ (15.4.2020) 3,27,694 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റി. 96 ശതമാനം വരും ഇത്. ഇതില്‍ 83,007 കുടുംബങ്ങള്‍ മറ്റ് റേഷന്‍ കടകളിലൂടെ റേഷന്‍ കൈപ്പറ്റാവുന്ന പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.
ജില്ലയിലെ റേഷന്‍കടകളിലൂടെ സപ്ലൈകൊ മുഖേന സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റ് വിതരണവും എല്ലാ താലൂക്കുകളിലും ആദ്യഘട്ടം പിന്നിട്ടപ്പോള്‍ ഏപ്രില്‍ 15ന് ഉച്ചവരെ (15.4.2020) 22,602 അന്ത്യോദയ അന്നയോജന(ഏ.ഏ.വൈ)കുടുംബങ്ങള്‍ സൗജന്യകിറ്റ് കൈപ്പറ്റി. ആകെ ഏഏവൈ കാര്‍ഡുകളുടെ (23855) 95 ശതമാനം കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു. ട്രൈബല്‍ കാര്‍ഡുകള്‍ക്കാണ് ആദ്യം വിതരണം ചെയ്തത്. അടുത്ത ഘട്ടമായി മുന്‍ഗണനാ കാര്‍ഡുകള്‍ക്കാവും (പിങ്ക് കാര്‍ഡ്)കിറ്റ് വിതരണം ചെയ്യുക. ഇത് 18ന് തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലയില്‍ ആകെ 10,3383 പിങ്ക് കാര്‍ഡുകളാണുള്ളത്.
സപ്ലൈകൊയുടെ ജില്ലയിലെ നാല് ഡിപ്പോകളിലെ 57 പഞ്ചായത്തുകളിലായി സജ്ജമാക്കിയിട്ടുള്ള 90 കിറ്റ് പായ്ക്കിംഗ് യൂണിറ്റുകളിലാണ് കിറ്റുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തയാറാക്കുന്നത്. എല്ലാ കിറ്റുകളും തയാറാക്കി റേഷന്‍ ഡിപ്പോകളില്‍ എത്തിച്ചാണ് വിതരണം. ഇ-പോസ് മെഷീന്‍ വഴിയാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.
പോര്‍ട്ടബിലിറ്റി സൗകര്യം കിറ്റിന് നല്‍കേണ്ടതില്ലെന്നാണ് ആദ്യം നിര്‍ദേശിച്ചിരുന്നത് എങ്കിലും, തൊഴില്‍, ചികിത്സ തുടങ്ങിയ പല കാരണങ്ങളാല്‍ സ്വന്തം റേഷന്‍കട സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും മാറിത്താമസിക്കുന്നവര്‍ക്കും ലോക്ഡൗണ്‍മൂലം സ്വന്തം കടയില്‍നിന്നും കിറ്റ് വാങ്ങാനാവാത്തവര്‍ക്കും പ്രത്യേക സത്യപ്രസ്താവന തയാറാക്കി ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ അഥവാ മുനിസിപ്പല്‍ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തി അടുത്തുള്ള റേഷന്‍കടയില്‍നിന്നും കിറ്റ് വാങ്ങാവുന്നതാണ്.
ഏഏവൈ, മുന്‍ഗണനാ കാര്‍ഡുകളുടെ(മഞ്ഞ, പിങ്ക്) വിതരണം പൂര്‍ത്തിയായതിനുശേഷം മറ്റ് രണ്ടുവിഭാഗം കാര്‍ഡുകള്‍ക്കും (നീല, വെള്ള) സൗജന്യകിറ്റ് ലഭ്യമാക്കും. അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കിന് കിറ്റ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. അന്തേവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് കി.ഗ്രാം സൗജന്യറേഷനു പുറമേയാണിത്. റേഷന്‍ പെര്‍മിറ്റ് നിലവില്‍ ഉള്ള എല്ലാ ക്ഷേമസ്ഥാപനങ്ങള്‍ക്കും അവരുടെ പതിവ് വിഹിതം (ആളൊന്നിന് 10.5 കി.ഗ്രാം അരിയും 4.5 കി.ഗ്രാം ഗോതമ്പും) ഇത്തവണ സൗജന്യമായി ലഭിക്കും.
കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജനയില്‍ (പി.എം.ജി.കെ.വൈ) മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് മാത്രമായി കേന്ദ്രം അനുവദിച്ച അരിയും ഏപ്രില്‍ 20 മുതല്‍ റേഷന്‍കടകളിലൂടെ ലഭ്യമാകും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് മാത്രമേ ഇത് കിട്ടൂ. ആളൊന്നിന് അഞ്ചു കി.ഗ്രാം അരിയാണ് ഈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കുക. ഏഏവൈ കാര്‍ഡുകള്‍ക്കും അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുക.
റേഷന്‍വിതരണത്തിന് ആവശ്യമുള്ള സ്റ്റോക്ക് ലഭ്യമാണെന്നും അധികവിഹിതം ജില്ലയ്ക്ക് ലഭ്യമാവുന്നുണ്ടെന്നും പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ സ്റ്റോക്കിന്റെ ലഭ്യതയും വകുപ്പ് ദൈനംദിനം നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു.