കോഴിക്കോട്: രാവണൻ ആണ് നമ്മുടെ നായകനെന്നും രാമനെ അറിയില്ലെന്നും റാപ്പർ വേടൻ. രാവണനെ നായകനാക്കിയുള്ള പുതിയ റാപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പത്ത് തല’ എന്നാണ് പുതിയ റാപ്പിന്റെ പേര്. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറഞ്ഞു. താൻ വീണുപോയെന്നും വീണപ്പോൾ തന്റെ കൂടെയുള്ള ആളുകളും വീണുപോയെന്ന് വിവാദങ്ങളെക്കുറിച്ച് വേടൻ പ്രതികരിച്ചു. വീണിടത്തുനിന്ന് വീണ്ടും കയറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണപെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ ഇവൻമാരെന്നെ വെടിവെച്ച് കൊല്ലുമോ എന്നുള്ളത് ആൾക്കാർക്ക് അറിയാം’ -വേടൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലും കേരളത്തിലും വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നുണ്ട്. ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ട്. നാല് എംഎയും അഞ്ച് എംഎയുമുള്ളവര്‍ അതിനെക്കുറിച്ച് വേറെ സ്ഥലങ്ങളിലിരുന്ന് സംസാരിക്കുന്നുണ്ട്. ഞാന്‍ തെരുവിന്റെ മകനാണ്. അത് പാട്ടിലൂടെ ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ഒരു കൂലിപ്പണിക്കാരനാണ്. പേന പിടിക്കുന്ന കൈയ്യല്ല ഇത്. കലയ്ക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ ബിജെപി എൻഐഎയ്ക്ക് പരാതി നൽകിയിരുന്നു.
മോദി കപട ദേശീയ വാദിയാണെന്ന തരത്തിൽ പാട്ട് പാടിയതിനെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്‍റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയത്.ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധുവും വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.