തിരുവനന്തപുരം : നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയിരുന്നതായി രവി പൂജാരി. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ബംഗ്ലൂരിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് രവി പൂജാരി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിക്കും. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ചോദ്യം ചെയ്യലാണ് നടന്നത്.
സെനഗലിൽ പിടിയിലായ രവി പൂജാരിയെ കർണാടക പോലീസാണ് ഇന്ത്യയിലെത്തിച്ചത്. കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതിയാണ് രവി പൂജാരി. കഴിഞ്ഞ മാസമാണ് രവി പൂജാരി സെനഗൽ പോലീസിന്റെ പിടിയിൽ ആകുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.
കഴിഞ്ഞ വർഷം ഡിസംബർ 15 നായിരുന്നു നടി ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പ് നടന്നത്. വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതി കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. പിന്നീട് വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി രംഗത്ത് വരികയായിരുന്നു. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്‌പ്പ്. വെടിവെയ്പ്പ് നടത്തിയ ബിലാൽ, ബിബിൻ എന്നിവരെയും ഇവർക്ക് ബൈക്കും തോക്കും എത്തിച്ച് നൽകിയ കാസർകോട് സ്വദേശി അൽത്താഫിനെയും പോലീസ് പിടികൂടിയിരുന്നു.