ഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നടത്തിയ കൊലയാളി പരാമര്‍ശം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പിന്‍വലിച്ചു. പരാമര്‍ശം പിന്‍വലിച്ചതോടെ രവിശങ്കര്‍ പ്രസാദിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചതായി തരൂര്‍ പ്രതികരിച്ചു. ശശി തരൂരുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. ആരോപണം പിന്‍വലിച്ചുകൊണ്ട് തരൂരിനയച്ച കത്തും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ ഞാന്‍ നിങ്ങളെ ഒരു കൊലപാതകക്കേസിലെ പ്രതിയെന്ന് വിശേഷിപ്പിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ലഭിച്ചപ്പോള്‍, നിങ്ങള്‍ക്കെതിരായ ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് ഞാന്‍ മനസ്സിലാക്കി നിരുപാധികമായി അത് പിന്‍വലിക്കുന്നു. രവി ശങ്കര്‍ പ്രസാദ് കത്തില്‍ വ്യക്തമാക്കി.
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു തരൂരിനെതിരെ രവിശങ്കര്‍ പ്രസാദ് ആരോപണം ഉന്നയിച്ചത്.