പത്തനംതിട്ട: ഇനി ഒരാഴ്ച കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. എല്ലാവരും വിജയം അവകാശപ്പെടുന്നുവെങ്കിലും ഉള്ളില്‍ ആശങ്കയുമുണ്ട്. പത്തനംതിട്ട നഗരസഭയില്‍ ഭരണം ആര്‍ക്ക് എന്നത് പ്രവചനാതീതമാണ്. യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ വിജയം അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതിയിലാണ് യു.ഡി.എഫ് പ്രതീക്ഷവെക്കുന്നത്.
ചില വാര്‍ഡുകളില്‍ അടിയൊഴുക്കുകള്‍ ശക്തമായിരുന്നു. സീറ്റ് വിഭജന കാര്യത്തില്‍ ഘടകകക്ഷികളുമായി ബന്ധപ്പെട്ട് മുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനംവരെ പരിഹരിക്കാനും കഴിഞ്ഞിരുന്നില്ല. ഇതെല്ലാം വിധി നിര്‍ണയത്തെ ബാധിക്കുകതന്നെ ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലിം വിഭാഗത്തിന് യു.ഡി.എഫില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുടക്കത്തിലെ ചിലര്‍ പരാതിപ്പെട്ടിരുന്നു.
സമുദായത്തിലെ അസംതൃപ്തരായ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും മുസ്ലിംലീഗിനും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും പ്രതിഷേധം നിലനിന്നിരുന്നു. നേതാക്കളില്‍ പലരും പ്രതിഷേധം തുറന്നുപറയുകയും ചെയ്തിരുന്നു. ഘടകക്ഷികള്‍ക്ക് നല്കിയ സീറ്റുകളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി വിമതന്മാരെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്തു. ഇതിപ്പോള്‍ വിനയായി മാറുമോ എന്നാണ് ആശങ്ക.
10ഓളം വാര്‍ഡുകളില്‍ യു.ഡി.എഫില്‍ വിമതര്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയത്. ഇതില്‍ വഞ്ചികപൊയ്ക, പൂവന്‍പാറ, മൈലാടുംപാറ താഴം, കുമ്പഴ നോര്‍ത്ത്, കുമ്പഴ വെസ്റ്റ്, കോളജ് വാര്‍ഡ്, ടൗണ്‍വാര്‍ഡ്, ചുരുളിക്കോട് വാര്‍ഡുകളിലെ വിമതര്‍ നിര്‍ണായകമാണ്. ഈ വാര്‍ഡുകളില്‍ യു.ഡി.എഫിന്റെ വിജയം നിശ്ചയിക്കുക വിമതരായിരിക്കും. യു.ഡി.എഫിന്റെ വിമതരില്‍ ചിലര്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും മുന്നണിക്ക് ഒറ്റക്ക് ഭൂരിപക്ഷംലഭിക്കുന്ന കാര്യത്തിലും ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്.
ഒന്നോ രണ്ടോ വിമതര്‍ വിജയിച്ചാല്‍ അവരുടെ നിലപാടും നിര്‍ണായകമായി മാറും. യു.ഡി.എഫില്‍ വിമതര്‍ മത്സരിച്ച വാര്‍ഡുകളില്‍ പോളിങ് ശതമാനം കുറഞ്ഞത് എല്‍.ഡി.എഫിന് സഹായകമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. പത്തനംതിട്ട ടൗണ്‍ വാര്‍ഡില്‍പോലും പോളിങ് ശതമാനം വലിയ രീതിയില്‍ കുറയുകയുണ്ടായി. ഇവിടെ ഔദോഗിക സ്ഥാനാര്‍ഥി സിന്ധു അനിലിനെതിരെ വിമതയായി നിഷ ബീഗവും ഉണ്ടായിരുന്നു.
കഴിഞ്ഞതവണ നേടിയ സീറ്റുകള്‍ ഇത്തവണ യു.ഡി.എഫിന് ലഭിക്കില്ലെന്ന് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. മൂന്നു മുന്നണികളും വാര്‍ഡ് അടിസ്ഥാനത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തിവരുകയാണ്. 6,9,11 വാര്‍ഡുകളില്‍ നേരിട്ടുള്ള മത്സരമായിരുന്നു. 1, 2,4,8,10,12,17,19,20,22,23,25,26,27,28,31,32 വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. നഗരസഭയില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റും മുന്‍ ചെയര്‍മാനുമായ അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു.
ഇത്തവണയും മികച്ച വിജയം നേടുകതന്നെ ചെയ്യും. എല്‍.ഡി.എഫിന്റെ വ്യാജ പ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. മികച്ച വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുമേഷ് പറഞ്ഞു. 22 സീറ്റുകള്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്. കുമ്പഴമേഖലയില് എല്‍.ഡി.എഫില്‍നിന്ന് കൂടുതല്‍ പേര് വിജയിക്കും. യു.ഡി.എഫിലെ വിമതരും പോളിങ് ശതമാനം കൂടിയതുമൊക്കെ എല്‍.ഡി.എഫിന് വിജയസാധ്യത വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.