കൊല്ലം : അഭയകേന്ദ്രത്തിന്റെ പിരിവനെത്തിയ 52കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. തേവലക്കര മൊട്ടക്കൽ സ്വദേശി അബ്ദുൽ വഹാബിനെ ശാസ്താംകോട്ട പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ തേവലക്കരയിലെ ഒരു അഭയകേന്ദ്രത്തിന്റെ രസീതുമായി ധനസമാഹരണത്തിന് കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു വഹാബ്. മഴയായതോടെ വീടിന്റെ വരാന്തയിൽ നിന്നു. പെൺകുട്ടിയും അനുജനും ഈ സമയം ടി.വി കാണുകയായിരുന്നു.
അച്ഛൻ അസുഖത്തിന് മരുന്നുകഴിച്ചതിനാൽ മയക്കത്തിലായിരുന്നു. മഴ തോരാതായതോടെ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്നതിന് ഇയാൾ വീടിനകത്തേക്കു കയറി. അതിനുശേഷം ടെലിവിഷൻ കാണണമെന്നുപറഞ്ഞ് അബ്ദുൽ വഹാബ് കുട്ടികൾക്കൊപ്പമിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
വൈകുന്നേരമായതോടെ അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംശയംതോന്നിയ ഡോക്ടർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഡോക്ടറാണ് ശാസ്താംകോട്ട പോലീസിൽ അറിയിച്ചത്. തുടർന്ന് എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തിൽ വഹാബിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇയാൾ കുട്ടിയുടെ വീട്ടിൽ നൽകിയ രസീതും നോട്ടീസുമാണ് വേഗം പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായത്.