കൊച്ചി : നനുത്ത ഓര്‍മ്മകള്‍ സമ്മാനിച്ച വേദിയില്‍ ഡോ. എം. ലീലാവതി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി. സാഹിത്യ നായകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉള്‍പ്പെട്ട നിറഞ്ഞ സദസ്സില്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പാറാണ് ഫെലോഷിപ്പ് സമര്‍പ്പിച്ചത്. മലയാളത്തിലെ പ്രമുഖ വിമര്‍ശകയും എഴുത്തുകാരിയുമായ ലീലാവതി എല്ലാ മേഖലയിലും ആത്മാര്‍ഥത പുലര്‍ത്തിയെന്നും അത്തരം വ്യക്തികള്‍ അപൂര്‍വമാണെന്നും ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു.
ടീച്ചറുടെ വാക്കുകള്‍
”ഈ അവസരത്തില്‍ 1965-ല്‍ ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച സന്ദര്‍ഭം ഓര്‍മ വരുന്നു. എന്‍റെ സാഹിത്യ പ്രവര്‍ത്തനത്തെ പലരും സഹായിച്ചു. കവിതയെ സ്‌നേഹിച്ചിരുന്ന അമ്മയായിരുന്നു എന്‍റെ ആദ്യ ഗുരു. അവര്‍ നോട്ടുബുക്കില്‍ പകര്‍ത്തിവെച്ചിരുന്ന കവിതകളായിരുന്നു സാഹിത്യത്തിലേക്ക് എന്നെ നടത്തിയത്. പിന്നെയും നിരവധി ഗുരുക്കന്മാര്‍ വന്നു.”