ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2025-26 വർഷത്തിലാണ് ഇത്രയും തുക മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചത്. 2014-15 മുതൽ 2025-26 വരെ പത്തുവർഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. ഡൽഹി ലൂട്ട്യൻസ് ബംഗ്ലാവ് മേഖലയിലുള്ള മന്ത്രിമാരുടെ വസതികളിലാണ് ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്.
സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറ്റകുറ്റപ്പണികൾക്കുള്ള പണം നൽകിയത്. 2014 മുതൽ ഇതുവരെ അറ്റകുറ്റപ്പണികൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് 2025-26 വർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പവും പഴയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് ഉയർന്നതുമാണ് ഇത്രയും തുക ചെലവായതിന്റെ കാരണമായി അധികൃതർ പറയുന്നത്. മിക്ക വസതികളും 80 മുതൽ 100 വർഷം വരെ പഴക്കമുള്ള ബംഗ്ലാവുകളാണ്. ചോർച്ച, ചിതൽശല്യം, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ തകരാറുകൾ, പ്ലംബിങ് തകരാറുകൾ തുടങ്ങിയവ വർഷങ്ങളായി ഇവിടെയുണ്ടെന്നും അധികൃതർ പറഞ്ഞു.





























