റോഹ്തക് : ഇസ്രയേലിലേക്കുള്ള പതിനായിരത്തിലധികം ഇന്ത്യന്‍ നിർമാണ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് തുടങ്ങി. ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലാണ് റിക്രൂട്ട്മെന്‍റ് നടപടികള്‍ നടക്കുന്നത്. ഇസ്രയേലില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യക്കാരായ തൊഴിലാളികളെ നിയമിക്കുന്നത്. ഹമാസുമായുള്ള യുദ്ധത്തിനിടെ നിരവധി പലസ്തീനി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഇസ്രയേല്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഇസ്രയേലില്‍ തൊഴിലാളിക്ഷാമം രൂക്ഷമായത്. ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും അതിർത്തികൾ അടച്ചതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെട്ടു. ഇതോടെയാണ് ഇന്ത്യക്കാരെ നിയമിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് നിർമാണ തൊഴിലാളികൾ സര്‍വകലാശാലയിലെത്തി. ഈ അവസരത്തിനായി ഓൺലൈനായി അപേക്ഷിച്ചതാണെന്ന് ഗോവിന്ദ് സിംഗ് എന്ന ഉദ്യോഗാര്‍ത്ഥി പറഞ്ഞു. രജിസ്‌ട്രേഷന് ശേഷം റിക്രൂട്ട്‌മെന്‍റിനായി കാത്തിരിക്കുകയായിരുന്നു. കല്‍പ്പണിക്കാരനാണ് ഗോവിന്ദ് സിംഗ്. ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു. ഇരുമ്പ് പണി, ടൈൽ കട്ടിംഗും ഫിറ്റിംഗും, വുഡൻ പാനൽ ഫിറ്റിംഗ്, പ്ലാസ്റ്റർ വർക്ക് തുടങ്ങിയ മേഖലകളിലാണ് നിയമനം. ഉദ്യോഗാർത്ഥികളുടെ വൈദഗ്ധ്യം പരിശോധിച്ച ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. സുതാര്യമാണ് സെലക്ഷന്‍ നടപടികളെന്ന് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ സഹായിക്കുന്ന മാനേജർ പറഞ്ഞു. ഒരു ലക്ഷം വരെ ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കണമെന്നാണ് ഇസ്രയേലിലെ കണ്‍സ്ട്രക്ഷന്‍ മേഖല സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് വോയിസ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.