കൊച്ചി : അനധികൃത നിയമനങ്ങൾ നടത്തുന്ന വകുപ്പ് അധ്യക്ഷൻമാർക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയതിനെ തുടർന്ന് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിൻവാതിലിലൂടെ ആയിരക്കണക്കിന് ആളുകളെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തൊഴിൽരഹിതരായ ചെറുപ്പക്കാരോടും റാങ്ക് ലിസ്റ്റിൽ വന്നവരോടുമുള്ള വെല്ലുവിളിയാണ്. ഒരു സർക്കാരുകളും ചെയ്യാത്ത പിൻവാതിൽ നിയമനമാണ് പിണറായി സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള മന്ത്രിസഭായോഗങ്ങളിൽ സ്ഥിരപ്പെടുത്തലുമായി മുന്നോട്ടുപോകാൻ പാടില്ല.
നിയമനങ്ങൾ ഒട്ടും നടക്കാത്ത പുതിയ തസ്തികകൾ സൃഷ്ടിച്ച് ആളുകളെ എടുക്കുകയാണു വേണ്ടത്. അല്ലെങ്കിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിക്കൊടുക്കാൻ നടപടിയുണ്ടാകണം. മുൻ സർക്കാരുകൾ അതു ചെയ്തിട്ടുണ്ട്. തൊഴിൽരഹിതരായ എല്ലാവർക്കും ജോലി കൊടുക്കാനാവില്ലെന്ന് അറിയാം. പക്ഷേ ചീഫ് സെക്രട്ടറിയുടേത് ഉൾപ്പടെയുള്ള ഉന്നത ഓഫിസുകളിലും പ്രൈവറ്റ് ഏജൻസികൾ മുഖേന താൽക്കാലിക നിയമനങ്ങൾ കൊടുത്തവരെ പിരിച്ചു വിടണം. വൻതുക പ്രതിദിന കൂലിയായി കൊടുത്താണ് നിയമിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ ധാരാളം ഒഴിവുണ്ടാകും.
സർക്കാർ, അർധ സർക്കാർ, ഓട്ടോണമസ് സ്ഥാപനങ്ങളിലെ ഒഴിവുകൾ കണ്ടെത്തി നിയമപരമായ നിയമനങ്ങളിലൂടെ നികത്താൻ നടപടിയുണ്ടാകണം. എ.കെ. ആന്റണിയാണു സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടത്. അതിനെ അട്ടിമറിക്കാനുള്ള ശ്രമത്തെയാണു സഹകരണ വകുപ്പ് സെക്രട്ടറി കഴിഞ്ഞ ദിവസം തടഞ്ഞത്. അതിനെ മറികടക്കാനാണു സർക്കാരിന്റെ നീക്കം. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഒഴികെ എല്ലാ നിയമനങ്ങളും പിഎസ്‍സിക്കു വിട്ടു കൊടുത്തിട്ടുള്ളതാണ്. അതും പിഎസ്‍സിക്കു വിട്ടുകൊടുക്കാനായാൽ കുറെ അഴിമതി ഒഴിവാക്കാനാകുമെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല പറഞ്ഞു.