കോട്ടയം: തീവ്ര ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമിതേടി സർക്കാർ. ദുരന്തനിവാരണ അതോറിറ്റി അപകട മേഖലകളായി കണ്ടെത്തിയ ഇടങ്ങളിൽ ഏറ്റവും പ്രശ്നമുള്ള നൂറിടങ്ങളിൽ നിന്നുള്ളവർക്ക് പുതിയ ഇടം കണ്ടെത്തേണ്ടിവരും വനംവകുപ്പിന്റെ പക്കലുള്ള 1562 ചതുരശ്രകിലോമീറ്റർ തോട്ടങ്ങളിൽ 90 ശതമാനവും പ്രശ്നബാധിത മേഖലകളിൽ അല്ലാത്തതിനാൽ അത് പുനരധിവാസത്തിന് പരിഗണിക്കാം. വയനാട് ജില്ലയിൽ മാത്രം 180 ചതുരശ്രകിലോമീറ്റർ ഭൂമി ഇൗ വിഭാഗത്തിൽ വനംവകുപ്പിനുണ്ട്. ഇടുക്കിയിൽ 150 ചതുരശ്ര കിലോമീറ്ററും. റവന്യൂവകുപ്പിന്റെ പക്കലുള്ള ഇടങ്ങൾ മുമ്പ് പലതരം ഭവന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്.
ബാക്കി എത്രയുണ്ടെന്ന് കണക്കെടുക്കേണ്ടിവരും. കേന്ദ്രം പുറത്തിറക്കിയ പരിസ്ഥിതിലോലമേഖല 9993.7 ചതുരശ്രകിലോമീറ്ററാണ്. മുമ്പ് കേരളം ഇക്കാര്യത്തിൽ ഭേദഗതി നിർദേശിച്ച് 8711.98 ചതുരശ്രകിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനുള്ളിൽ വിവിധ പഠനസമിതികളും ദുരന്തനിവാരണ അതോറിറ്റിയും നടത്തിയ പഠനങ്ങളിൽ സംസ്ഥാനത്ത് ഉരുൾ അപകടത്തിന് വലിയ സാധ്യതയുള്ളതിന്റെ മാപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു.