റിയാദ് : ഇസ്രയേലുമായി അടുക്കുന്നതിൽ സമീപനം തുറന്നു പറഞ്ഞ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ബന്ധത്തിൽ മുന്നേറ്റമുണ്ടാവൂ എന്ന് അദ്ദേഹം പ്രതികരിച്ചു. ഇറാന്റെ ആണവ നീക്കങ്ങളിൽ സൗദിയുടെ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. 21 നൂറ്റാണ്ടിൽ ഏറ്റവും വലിയ വിജയഗാഥ സൗദിയുടേതായിരിക്കുമെന്നും പശ്ചിമേഷ്യൻ മേഖലയിലും രാജ്യങ്ങളിലും സ്ഥിരതയും സമാധാനവും ആണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ പറഞ്ഞു.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത് നല്ലതാണ്. പലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യു.എസുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിെൻറയും സുരക്ഷയ്ക്കും പ്രയോജനകരമാകുമെന്നും കിരീടാവകാശി പറഞ്ഞു.