നിലമ്പൂര്‍: ഉരുൾപൊട്ടലിൽ കാണാതായ ചൂരല്‍മലയിലെ മുരുകന്റെ ഭാര്യ ജിഷയുടെ കൈപ്പത്തി തിരിച്ചറിയാൻ സഹായ കമായത് വിരലിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം. നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ ജിഷയുടെ കൈ ഏറ്റെടുക്കും. കഴിഞ്ഞദിവസം വൈകുന്നേരമാണ് ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കൈ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ആംബുലന്‍സുകള്‍ പോകുന്നത് നിര്‍ത്തിവച്ചിരുന്നതിനാല്‍ അടുത്ത ദിവസം മൃതദേഹങ്ങളുടെ കൂടെ അയയ്ക്കാമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. ചാലിയാര്‍ പുഴയില്‍നിന്ന് വെള്ളിയാഴ്ച ലഭിച്ചതാണ് ജിഷയുടെ കൈ ഭാഗം. കൈവിരലില്‍ മുരുകന് എന്ന് പേരെഴുതിയ മോതിരം കണ്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മേപ്പാടി പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയില്‍നിന്ന് അച്ഛന് രാമസ്വാമിയും ബന്ധുക്കളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. ദുഃഖം ഉള്ളിലൊതുക്കി ജിഷയുടെ കൈ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് അച്ഛനും ബന്ധുക്കളും.