ചാലക്കുടി : ചാലക്കുടിയില്‍ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ (relief camp) തുറന്നു. ചാലക്കുടി കാഞ്ഞിരപ്പള്ളിയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂര്‍ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി-കൂടപ്പുഴ കുട്ടാടം പാടത്തുനിന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചാലക്കുടി റെയില്‍വേ അടിപ്പാത റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കുണ്ടൂര്‍ ആലമറ്റം കണക്കന്‍ കടവ് റോഡില്‍ വെള്ളം കയറി.
അതേസമയം, കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയസമാന സ്ഥിതി നേരിടാന്‍ എന്‍എസ്‌എസ്, എന്‍സിസി എന്നിവയുടെ സേവനം ഉറപ്പാക്കാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി. റവന്യൂ അധികൃതര്‍ ആവശ്യപ്പെടുന്ന സമയത്ത് ഇവര്‍ കര്‍മ്മരംഗത്ത് ഇറങ്ങുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ എല്ലാ എന്‍എസ്‌എസ് യൂണിറ്റുകളിലെയും വളണ്ടിയര്‍മാരുടെ സേവനം അതാത് ജില്ലാ കളക്ടര്‍മാര്‍ / റവന്യൂ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിട്ടുനല്‍കാന്‍ മന്ത്രി ഡോ.ആര്‍ ബിന്ദു എന്‍എസ്‌എസ് കോര്‍ഡിനേറ്ററോട് നിര്‍ദ്ദേശിച്ചു.