തിരുവൻവണ്ടൂർ : തിരുവൻവണ്ടൂർ ഗ്രാമപ്പഞ്ചായത്തിലെ നെൽക്കർഷകർക്ക് ആശ്വാസമായി പി.ഐ.പി. കനാലിൽ വെള്ളമെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയായ പുന്നയ്ക്കാട്ടുകടവിൽ (പ്രയാറ്റുകടവ്) വെള്ളമെത്തിയത്. ജലത്തിന്റെ കുറവുമൂലം 75 ഏക്കർ വരുന്ന മഴുക്കീർ പാടശേഖരത്ത് പട്ടാളപ്പുഴുവിന്റെ നേരിയ ആക്രമണവും കണ്ടുതുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ നെൽച്ചെടി ഉണങ്ങിത്തുടങ്ങിയ നിലയിലായിരുന്നു. തിരുവൻവണ്ടൂർ ഗ്രാമപ്പഞ്ചായത്തിലെ 200 ഹെക്ടർ പാടശേഖരമാണ് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് ഞാറുപറിച്ച് നടാൻസാധിക്കാതെ പ്രതിസന്ധിയിലായത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പാടശേഖരസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാന് കത്തുനൽകിയിരുന്നു. മന്ത്രിയുടെ നിർദേശമനുസരിച്ചാണ് വാഴക്കുന്നത്ത് യുദ്ധകാലാടിസ്ഥാനത്തിൽ കനാലിന്റെ പണി പൂർത്തിയാക്കിയത്. തുടർന്ന് കനാൽ വൃത്തിയാക്കൽ ജോലികളും നടത്തി. തിങ്കളാഴ്ച പകൽ നാലുമണിയോടെ വാഴക്കുന്നത്ത് മണിയാറിൽനിന്നു വെള്ളമെത്തി. ഇടതുകര കനാലിലൂടെയും വെള്ളം തുറന്നുവിട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പാണ്ടനാട്, പുലിയൂർ, ചെറിയനാട് എന്നീ പാടശേഖരങ്ങളിലേക്കും ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർണതോതിൽ വെള്ളമെത്തിക്കുമെന്ന് ജലസേചനവകുപ്പ് അധികൃതർ വ്യക്തമാക്കി.