മുംബൈ : ഓൺലൈൻ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്നോളജി അനുദിനം വികസിക്കുമ്പോൾ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ് റിസർവ് ബാങ്കിന് മുന്നിലുള്ളത്. അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടച്ചാൽ മതിയാകില്ലെന്നതാണ് പ്രധാനം.
റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി കാർഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാർഡ് നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പർ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും. കാർഡ് കൈയ്യിൽ സൂക്ഷിക്കുന്ന പതിവുകാരല്ലെങ്കിൽ നല്ല ഓർമ്മശക്തിയില്ലെങ്കിൽ പണി പാളുമമെന്ന് വ്യക്തം.
കാർഡ് വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതൽ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട പ്രവർത്തിയാണ്. ഒന്നിലേറെ കാർഡുകളുള്ളവർക്ക് ഈ കാർഡുകൾ കൈയ്യിൽ കൊണ്ടുനടക്കേണ്ടിയും വരും. ആമസോണിലും ഫ്ലിപ്കാർട്ടിലും അടക്കം ഓൺലൈൻ ഷോപ്പിങ് ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ വഴി പണം നൽകുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ളആപ്പുകൾ റീച്ചാർജ് ചെയ്യുന്നതിനുമെല്ലാം ഭാവിയിൽ മുഴുവൻ കാർഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.
ആമസോൺ, ഗൂഗിൾ പേ, പേടിഎം പോലുള്ള കമ്പനികൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസർവ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം. നിലവിൽ കമ്പനികൾ അവരുടെ സെർവറിലും ഡാറ്റാബേസിലും ശേഖരിച്ച് വച്ചിരിക്കുന്ന വിവരങ്ങളാണിവ. പുതിയ നിയമം വന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കും.