കൊണ്ടോട്ടി : വനിതാ സംവരണമായി നിശ്ചയിച്ച കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ്. ചെയര്‍മാന്‍ പദവി ജനറല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും നെടിയിരുപ്പ് പഞ്ചായത്ത് മുന്‍ അംഗവുമായ എം എ റഹീമാണ് ഹര്‍ജി നല്കിയത്.
നെടിയിരുപ്പ് പഞ്ചായത്ത് അധ്യക്ഷ പദവി 2010ല് പട്ടികജാതി വനിതാ സംവരണമായിരുന്നു. പിന്നീട് കൊണ്ടോട്ടി പഞ്ചായത്ത് അധ്യക്ഷ പദവി വനിതാ സംവരണവും. കൊണ്ടോട്ടി നഗരസഭ നിലവില്‍വന്ന 2015 മുതല്‍ ചെയര്‍മാന്‍ പട്ടികജാതി ജനറല്‍ സംവരണവും.
ഈ തെരഞ്ഞെടുപ്പിലും ചെയർപേഴ്സൺ പദവി വനിതകള്‍ക്ക് സംവരണം ചെയ്തത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലീഗ് നേതാവിന്റെ നിലപാട്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും ജയിച്ചാല്‍ നഗരസഭാ ചെയര്‍മാന്‍ ആകാനുള്ള അവകാശവാദവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
സ്ഥാനമോഹവുമായി ഹൈക്കോടതിയെ സമീപിച്ച നേതാവിനെതിരെ ലീഗില്‍ വിമര്‍ശനമുയർന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്ബേ ചിറയില്‍ വാര്‍ഡില്‍ സ്വയം സ്ഥാനാര്‍ഥിയായി എം എ റഹീം രംഗത്തിറങ്ങിയതും ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.