ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ എല്ലാ കക്ഷികളുടെയും വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കും. നടന്ന സംഭവങ്ങളെ നിസ്സാരവത്കരിക്കാനല്ല കോടതി ഇവിടെയുള്ളതെന്നും കോടതി പറഞ്ഞു. അവധി ദിനമായ ഇന്ന്, സുപ്രീംകോടതി സ്‌പെഷ്യൽ സിറ്റിങ് ചേർന്നുകൊണ്ടാണ് വാദങ്ങൾ ഒന്നൊന്നായി കേൾക്കുന്നത്. ഇതിനിടെ മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവേ, തികച്ചും ആവശ്യമില്ലെങ്കിൽ എല്ലാ ബാരിക്കേഡുകളും നീക്കംചെയ്യണമെന്ന് കോടതി അറിയിച്ചു.
സമാധാനപരമായ സാഹചര്യങ്ങൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുതന്നെ, ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണം. ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെയും മുൻ ഉത്തരവുകൾ മനഃപൂർവം ലംഘിച്ചെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലുമാണ് വാദംകേൾക്കുന്നത്. കേസിൽ ഹർജികൾ സമർപ്പിച്ചിട്ടുള്ള എല്ലാ അഭിഭാഷകർക്കും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകുമെന്ന് കോടതി അറിയിച്ചു.
ബാറിലെ വലതുഭാഗത്തുനിന്ന് തുടങ്ങി ഇടതുഭാഗത്തേക്ക് എല്ലാവരുടെയും വാദങ്ങൾ ക്രമമായി കേൾക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തിയതിന് അഭിഭാഷകർ നന്ദി അറിയിച്ചു. എന്നാൽ നന്ദി പറയേണ്ട ആവശ്യമില്ലെന്നും രാജ്യത്തെ സേവിക്കാൻ എപ്പോഴും സന്നദ്ധരാണെന്നും ജസ്റ്റിസ് ബാഗ്ചി മറുപടി നൽകി. തുടർന്ന് തടങ്കലിൽ വെച്ചതിനെതിരെയും സെക്ഷൻ 163 ചുമത്തിയതിനെതിരെയും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദങ്ങളുന്നയിച്ചുതുടങ്ങി.
ആളുകളെ തീവണ്ടികളിൽനിന്നും വിമാനത്തിൽനിന്നുമടക്കം പോലീസ് കസ്റ്റഡിയിലെടുത്തതും, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ വിഷയം മുൻപ് അനുരാധ ഭാസിൻ കേസിൽ വിധി പ്രസ്താവിച്ച വിഷയത്തിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് മുൻ മുഖ്യമന്ത്രിമാരെ അന്യായമായി തടങ്കലിൽവെച്ചത്, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയനെ രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത് എട്ടുമണിക്കൂറോളം ഭക്ഷണസൗകര്യംപോലും നൽകാതെ ഡൽഹി നഗരത്തിലൂടെ പോലീസ് വാഹനത്തിൽ ചുറ്റിച്ചത്, മമത ബാനർജിയെ അറസ്റ്റുചെയ്തത്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ ഉൾപ്പെടെ കഠിനമായ ചൂടിൽ സ്റ്റേഡിയത്തിൽ തുറന്ന സ്ഥലത്ത് ഇരുത്തിയത് തുടങ്ങിയവയെല്ലാം കോടതിയിൽ ഉന്നയിച്ചു.
പ്രതിഷേധത്തിനിടെ ഉയർന്ന സംഘർഷങ്ങൾ, കുട്ടികളോടും വിദ്യാർഥികളോടും ഉൾപ്പെടെ പോലീസ് കാട്ടിയ ക്രൂരതകൾ ഉൾപ്പെടെയുള്ളവയുടെ ചിത്രങ്ങൾ അഭിഭാഷകർ കോടതിക്ക് കൈമാറി. മെട്രോ സ്‌റ്റേഷനുകൾ, ഇന്റർനെറ്റ് അടക്കമുള്ള അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ച ഭരണകൂട നടപടിക്കെതിരേ കോടതിയലക്ഷ്യ ഹർജിയിലും വാദംകേട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾ നീതിപൂർവമല്ലെന്ന് തോന്നുമ്പോഴാണ് യുവാക്കൾ നിയമപരമായ പ്രതിഷേധങ്ങളിലേക്ക് ഇറങ്ങുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രതിഷേധത്തിനും സ്വതന്ത്രമായി യാത്രചെയ്യാനുമുള്ള പൗരരുടെ അവകാശങ്ങളെ ഭരണകൂടം നിയമവിരുദ്ധമായ കരുതൽ തടങ്കലിലൂടെ ലംഘിക്കുകയാണെന്നും അഭിഭാഷകർ വാദിച്ചു. രാജ്യത്തെ പ്രമുഖ അഭിഭാഷകർ ഉൾപ്പെടെ 250-ലധികം അഭിഭാഷകരും മാധ്യമപ്രവർത്തകരും കോടതി നടപടികളിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരും കോടതിയിൽ ഹാജരായി.
































