കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ കുരുക്കു മുറുക്കി പോലീസ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തി ലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
ലക്ഷ്മി ഷൂട്ടിങ്ങിനായി പോകുമ്പോള്‍ റംസിയേയും കൂട്ടിയിരുന്നു. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ഹാരിസിനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പതിവെന്നും റംസിയുടെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ റംസിയും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മരണത്തില്‍ കുടുങ്ങുമെന്ന് ബോധ്യമായതോടെ നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഹാരിസുമായുള്ള ബന്ധത്തില്‍ മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലീസിന്റെ കസ്റ്റഡിയിലാണ്. ഹാരീസിന്റെ ഉമ്മയേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഉമ്മയുടെ ഫോണും കസ്റ്റഡിയില്‍ എടുക്കും.