വിനോദത്തിന് വേണ്ടി സൃഷ്ടിച്ചിരിക്കുന്ന സിനിമയെന്ന മാധ്യമത്തിന്റെ പൊളിറ്റിക്കൽ കറക്ട്‌നെസ് അമിതമായി പരിശോധിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗവുമുണ്ട്. അമിതമായി പൊളിറ്റിക്കൽ കറക്ട്‌നെസ് നോക്കിയാൽ സിനിമ ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് ഇത്തരക്കാരുടെ പക്ഷം. രഞ്ജി പണിക്കർ തിരക്കഥ എഴുതിയ ദി കിങ് അടക്കമുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത അടുത്തിടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്‌നെസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് രഞ്ജി പണിക്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഓരോ വീട്ടിലും സ്ത്രീവിരുദ്ധതയുണ്ടെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലേ. മനുഷ്യരാശിക്ക് തന്നെ വിരുദ്ധമായിട്ടുള്ള നിരവധി കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നില്ലേ. സ്ത്രീ വിരുദ്ധമല്ലേ സൊസൈറ്റി. ഒരുപാട് വ്യവസ്ഥകൾ ഉള്ള സമൂഹത്തിൽ ഏതാണ് പൊളിറ്റിക്കലി കറക്ട്.
അത് സിനിമയിൽ പറയുന്നതാണോ കുഴപ്പം. മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ഭാഷ സിനിമയിൽ സംസാരിച്ചാൽ അത് സ്ത്രീവിരുദ്ധമാണോ. ഒരു വിവാഹബന്ധം എടുത്താൻ തന്നെ ഭർത്താവ് ഭാര്യയെ എടീ എന്നും ഭാര്യ ഭർത്താവിനെ ചേട്ടാ എന്നും വിളിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്ന സമൂഹമല്ലേ നമ്മുടേത്. അത് സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ ഉപയോഗിച്ചാൽ സ്ത്രീവിരുദ്ധമാകുമോ. മനുഷ്യവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ എല്ലാ കാലവും സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. സ്ത്രീയെ ആക്രമിക്കുന്ന രംഗം സിനിമയിൽ കാണിക്കരുതെന്ന് പറയുമ്പോൾ സജസ്റ്റീവായിട്ട് കാണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുപോലെ തന്നെ നീ വെറും പെണ്ണാണ് എന്ന കിങ്ങിലെ ഡയലോഗ് എത്രയോ ആളുകൾ ജീവിതത്തിൽ പരസ്പരം പറയുന്നുണ്ട്.
അതൊന്നും ശരിയാണെന്നല്ല സിനിമയിൽ പറയുന്നത്. അതിന്റെ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നുവെന്ന് മാത്രം. മാത്രല്ല പൊളിറ്റിക്കൽ കറക്ട്‌നെസ് പോലുള്ളവ ഇല്ലാതിരുന്ന കാലത്ത് ഇറങ്ങിയ സിനിമയാണ് കിങ് ഒക്കെ. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് വർത്തമാനം വരുമ്പോൾ പ്രതികരിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതുപോലെ തന്നെ മലയാളത്തിലെ തൊണ്ണൂറ് ശതമാനം പാട്ടുകളും സ്ത്രീവിരുദ്ധമല്ലേ. സ്ത്രീ ലിബറേറ്റഡ് അല്ല നമ്മുടെ സൊസൈറ്റി. ഓരോ വീടും സ്ത്രീവിരുദ്ധമല്ലേ. കേരളത്തിലെ ചില തൊഴിലിടങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനമില്ല അതാണ് സ്ത്രീ വിരുദ്ധത. സിനിമ ചന്ദ്രനിൽ നിന്നും ഇറക്കുമതി ചെയ്തതല്ലേല്ലോ. ഈ സൊസൈറ്റിയുടെ ഭാഗമല്ലേ എന്നാണ് രഞ്ജി പണിക്കർ പൊളിറ്റിക്കൽ കറക്ട്‌നെസിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കർ. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ പോകുന്ന മാസ്റ്റർ പീസ് എന്ന വെബ് സീരിസിൽ രഞ്ജി പണിക്കരും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.