കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6 കോടിയോളം രൂപ ചെലവഴിച്ചാണ് പാത വീതി കൂട്ടുന്നത്. 4 വർഷം മുൻപ് പാത ബിഎംബിസി നിലവാരത്തിലാക്കിയിരുന്നു. വീതിയില്ലാത്തതിനാൽ ചെറുതും വലുതുമായ വളവുകൾ അപകട ഭീഷണി ഉയർത്തുകയായിരുന്നു. വശങ്ങളിൽ സംരക്ഷണഭിത്തിയും നിർമിച്ചിരുന്നില്ല. ടാറിങ് പണികൾ തുടങ്ങിയപ്പോൾ വീതി കൂട്ടുന്നതിന് 5 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിനു നൽകിയെങ്കിലും ഫണ്ട് ലഭിക്കാൻ വൈകി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് അനുമതി വാങ്ങിയത്.
10–14 മീറ്റർ വരെ വീതിയിലാണ് നവീകരണം. ഇതിനായി സമീപവാസികൾ സൗജന്യമായി ഭൂമി വിട്ടുനൽകുകയായിരുന്നു. വശങ്ങളിൽ നിന്നു പൊളിച്ചുനീക്കിയ കയ്യാലകൾക്കും മതിലുകൾക്കും പകരം പിഡബ്ല്യുഡി ചെലവിൽ പുതിയവ നിമിച്ചു നൽകി. അപകട ഭീഷണി നേരിടുന്ന മേഖലകളിലെല്ലാം സംരക്ഷണഭിത്തി നിർമിച്ചു. ഇടിതാങ്ങികളും സ്ഥാപിച്ചു. അപകട ഭീഷണി നേരിടുന്ന വളവുകളിലും പാതയിൽ സംഗമിക്കുന്ന ഇടറോഡുകളോടു ചേർന്നുമായി 10 ഇടങ്ങളിൽ ഉന്മധ്യ കണ്ണാടികൾ സ്ഥാപിച്ചു. വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു.