ആലപ്പുഴ : കോൺക്രീറ്റ് അടർന്നുവീഴുന്ന ജനറൽ ആശുപത്രിയിലെ പഴയ ഐപി കെട്ടിടത്തിന്റെ നവീകരണം തുടങ്ങി. പഴയ ഓഫീസ്, സൂപ്രണ്ട് ഓഫീസ്, പുരുഷന്മാരുടെ മെഡിസിൻ വാർഡ് തുടങ്ങിയവ പ്രവർത്തിച്ചിരുന്നിടത്താണ് അറ്റകുറ്റപ്പണി തുടങ്ങിയിട്ടുള്ളത്. സർജറി വാർഡ് ഇങ്ങോട്ടുമാറ്റുന്നതിനാണ് ആദ്യം ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നത്. പത്താം വാർഡിന്റെ അറ്റകുറ്റപ്പണിയാണ് ആദ്യം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർജറി വാർഡ് കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുന്നതിനായി പഴയ ഓഫീസും പരിസരവും സജ്ജമാക്കാൻ തീരുമാനിക്കുകയായിരുന്നു. എച്ച്. സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് നടപടി.
പത്താം വാർഡിലേക്കുള്ള പാസേജ്, ഒന്നാം നിലയിലേക്കു രോഗികളെ കൊണ്ടുപോകുന്ന റാംപ്, പൈപ്പ് പൊട്ടിയതുമൂലം ഉപയോഗിക്കാതെ അടച്ചിട്ട ശൗചാലയങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണിയും തുടങ്ങും. ഇതിനായി ഏതാനും ഉപകരണങ്ങൾകൂടി എത്തിക്കാനുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം വിവാദമായതോടെയാണ് ജനറൽ ആശുപത്രിയുടെ പഴയ ഐപി കെട്ടിടം നവീകരിക്കാനുള്ള നടപടി വേഗത്തിലായത്. 60 ലക്ഷം രൂപയുടെ നിർമാണത്തിന് നേരത്തേ ടെൻഡർ ഉറപ്പിച്ചിരുന്നെങ്കിലും പണി നീണ്ടുപോകുകയായിരുന്നു.