ചങ്ങനാശേരി : വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വില്‍പന കരാര്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍. ഇവര്‍ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മറ്റൊരു സംഘം പോലീസിനു നേര്‍ക്ക് ആക്രമണം നടത്തി. സംഭവത്തില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. രണ്ട് സംഭവങ്ങളിലുമായി ആകെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കരോട്ട് പറമ്പില്‍ ഷിജാസ് ഷാജി (ചാച്ചു – 25), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ ഫാസില്‍ ലത്തീഫ് (36), ഓശാന മൗണ്ട് കോളനി കാപ്പിത്തോട്ടത്തില്‍ ശ്യാം (ഊട് ശ്യാം – 26), ഇടക്കുന്നം താച്ചുകളം മുഹമ്മദ് അസ്ഹറുദ്ദീന്‍ (24), ആലപ്പുഴ കാവാലം മുണ്ടോടി കളത്തില്‍ ശ്യാം കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശേരി സ്വദേശിയുടെ കാര്‍ വാടകയ്ക്കു നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാതെ വന്നതോടെയാണ് പോലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാനായി ഞായര്‍ രാത്രി എട്ടരയോടെ 2 വാഹനങ്ങളിലായി ഒരു സംഘം ആളുകള്‍ പോലീസ് സ്റ്റേഷനു മുന്‍പിലേക്ക് എത്തുകയായിരുന്നു. ഫാസിലും ഊട് ശ്യാമും സ്റ്റേഷനിലേക്കു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്രില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനെ അസഭ്യം പറയുകയും ചെയ്തു. കൂടുതല്‍ പോലീസുകാര്‍ എത്തി ഇരുവരെയും കീഴ്‌പ്പെടുത്തി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ആളുകള്‍ കടന്നുകളഞ്ഞു. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്‌പി ആര്‍.ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐമാരായ ജയകൃഷ്ണന്‍, സന്തോഷ്, എഎസ്‌ഐ മുഹമ്മദ് ഷെഫീക്ക്, തോമസ് സ്റ്റാന്‍ലി, സന്തോഷ് കുമാര്‍, ജിബിന്‍ ലോബോ, കലേഷ്, ഡെന്നി ചെറിയാന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാഹനം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയായ അജ്മലിനെ പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. വാടകയ്ക്ക് കാറെടുത്ത് മറിച്ചു വില്‍ക്കുന്ന ഒരു സംഘം തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് കണ്ടെത്തല്‍. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ വ്യാജ വില്‍പന കരാര്‍ ഉണ്ടാക്കി മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ഷിജാസ്, അസ്ഹറുദ്ദീന്‍, ശ്യാംകുമാര്‍ എന്നിവര്‍ പിടിയിലായത്. ഫാസില്‍ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.