പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കിടത്തി ചികിത്സ വിഭാഗങ്ങളും പൂർണമായി നിലയ്ക്കും. കെട്ടിടത്തിന്റെ പണികൾക്കുവേണ്ടി അടച്ചിടുന്നതിനാലാണിത്. ഇതേ ബ്ലോക്കിലെ എല്ലാ ശസ്ത്ക്രിയ വിഭാഗങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം കിടത്തി ചികിത്സയും കോന്നിയിലേക്കു മാറ്റപ്പെടും. 414 കിടക്കകളാണ് നിലവിൽ ബി ആൻഡ് സി ബ്ലോക്കിലുള്ളത്. ആശുപത്രിയുടെ പഴയ അത്യാഹിത വിഭാഗം പൊളിച്ചുനീക്കിയതോടെ ഐപി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കുറഞ്ഞിരുന്നു.
ഈ വാർഡിൽ പ്രവർത്തിച്ചിരുന്ന മൈനർ ഓപ്പറേഷൻ വിഭാഗത്തിലെ ഐപി വിഭാഗം നിലവിൽ ശബരിമല വാർഡിലുണ്ട്. എന്നാൽ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ കോന്നിയിലേക്ക് മാറുകയാണെങ്കിൽ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കാൻ ബുദ്ധിമുട്ടാകും. എല്ലാ വിഭാഗം ഒപിയും ജനറൽ ആശുപത്രിയിൽ തുടരും. ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ കോന്നി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ഇനി കോന്നിയിലേക്ക് മാറ്റും. 1